ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ്; ബിസിസിഐ ക്യൂറേറ്റർ പിച്ച് പരിശോധിച്ചു

തിരുവനന്തപുരം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഈമാസം 28-ന് ട്വന്റി 20 ക്രിക്കറ്റ് മൽസരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ തയാറാക്കിയ വിക്കറ്റുകൾ ബിസിസിഐ ക്യൂറേറ്റർ പരിശോധിച്ചു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റർമാരുടെ എലൈറ്റ് പാനൽ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ഗ്രീൻഫീൽഡിൽ തയാറാക്കിയിട്ടുള്ള വിക്കറ്റുകളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർ ബിജു. എഎമ്മിന്റെ നേതൃത്വത്തിൽ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീൽഡും മത്സരത്തിനു സജ്ജമാണ്. മറ്റു തയാറെടുപ്പുകൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ടീം 25ന് പുലർച്ചെ തിരുവനന്തപുരത്തെത്തും. ദുബായിൽ നിന്നുള്ള ഇ.കെ 0522 എമിറേറ്റ്‌സ് വിമാനത്തിൽ പുലർച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കൻ ടീം തലസ്ഥാനത്തെത്തുക. 25നു തന്നെ ടീം പരിശീലനം ആരംഭിക്കും. ഹൈദരാബാദിൽ നിന്നും യാത്രയാരംഭിക്കുന്ന ടീം ഇന്ത്യ 26ന് വൈകിട്ട് 4.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീൻഫീൽഡിൽ തയാറാണ്. 25നും 26നും വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് ദക്ഷിണാഫ്രിക്കൻ ടീം മാധ്യമങ്ങളെ കാണും. 27ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെ ദക്ഷിണാഫ്രിക്കൻ ടീമും വൈകിട്ട് അഞ്ച് മുതൽ എട്ടുവരെ ടീം ഇന്ത്യയും പരിശീലനം നടത്തും. മത്സരത്തിനു മുന്നോടിയായി 27ന് ഉച്ചയ്ക്ക് 12.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാർ മാധ്യമങ്ങളെ കാണും.

Exit mobile version