President Election Result 2022: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി ആരായിരിക്കും? ഇത്തവണ ബിജെപി നയിക്കുന്ന NDA സ്ഥാനാർത്ഥി ദ്രൗപതി മുർമുവും പ്രതിപക്ഷ സഖ്യ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് പ്രധാന മത്സരം.
രാവിലെ 11 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ജൂലായ് 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് നടന്നത്. മുൻ ജാർഖണ്ഡ് ഗവർണറും എൻഡിഎയുടെ സ്ഥാനാർത്ഥിയുമായ ദ്രൗപതി മുർമു തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. വോട്ടിംഗ് അന്തിമ ചിത്രം ഉച്ചയോടെ വ്യക്തമാകും.
പാർലമെന്റ് ഹൗസിലെ റൂം നമ്പർ 63യിലാണ് വോട്ടെണ്ണൽ നടക്കുക. പാർലമെന്‍റിന്‍റെ സ്ട്രോങ് റൂമിൽ കനത്ത സുരക്ഷയിലാണ് ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ ബോക്‌സുകൾ സംരക്ഷിച്ചിരിക്കുന്നത്.
അതേസമയം, ഒഡീഷ ആഘോഷത്തിനായി ഒരുങ്ങുകയാണ്. നാടോടി കലാകാരന്മാരും ആദിവാസി നർത്തകരും ഊര്‍ജ്ജിതമായ തയ്യാറെടുപ്പിലാണ്. ഫലം പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് ആഘോഷങ്ങള്‍ ആരംഭിക്കും. രാജ്യത്തെ ആദ്യത്തെ ആദിവാസി വനിത രാഷ്ട്രപതിയെ സ്വീകരിക്കാന്‍ ശ്വാസമടക്കി കാത്തിരിക്കുകയാണ് ഒഡീഷ. സംസ്ഥാനത്തെങ്ങും “ഒഡീഷയുടെ മകളെ” അഭിനന്ദിച്ച് ഹോർഡിംഗുകൾ സ്ഥാപിച്ചിരിയ്ക്കുകയാണ്.
15-ാമത് രാഷ്ട്രപതി ജൂലൈ 25 ന് സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞ രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ ആകെയുള്ള 10,69,358 വോട്ടുകളിൽ 7,02,044 വോട്ടുകൾ നേടിയാണ് രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായത്. എതിർ സ്ഥാനാർത്ഥിയും എതിരാളിയുമായ മീരാ കുമാറിന് 3,67,314 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.