ഇടുങ്ങിയ കാട്ടുപാതകളിൽ കുടുങ്ങിക്കിടന്ന മലയോരമേഖലയുടെ മുഖഛായ മാറ്റി കരുത്തുറ്റ ആധുനിക നിലവാരമുള്ള റോഡുകളും പാലങ്ങളും അതിവേ​ഗമൊരുങ്ങുന്നു.

കൊല്ലം : ഇടുങ്ങിയ കാട്ടുപാതകളിൽ കുടുങ്ങിക്കിടന്ന മലയോരമേഖലയുടെ മുഖഛായ മാറ്റി കരുത്തുറ്റ ആധുനിക നിലവാരമുള്ള റോഡുകളും പാലങ്ങളും അതിവേ​ഗമൊരുങ്ങുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്രധാന പാലമായ പുനലൂർ—– മുക്കടവ്   ബോസ്ട്രിങ് പാലം നിർമാണം അന്തിമഘട്ടത്തിലെത്തി. പുനലൂർ നഗരത്തിൽനിന്ന് രണ്ടര കിലോമീറ്റർ അകലെ മുക്കടവാറിനു കുറുകെ നിർമിക്കുന്ന പാലത്തിന് 50 മീറ്റർ നീളവും 12 മീറ്റർ വീതിയുമുണ്ട്.കമാനാകൃതിയുള്ള (ബോസ്ട്രിങ്)കൂറ്റൻ കൈവരി നിർമാണം പൂർത്തിയായി. അനുബന്ധ റോഡിന്റെ പണി നടക്കുന്നു. കരുനാ​ഗപ്പള്ളി അഴീക്കൽ മോഡലിലുള്ള പാലം മലയോര ഹൈവേയിലെ മനോഹരമായ കാഴ്‌ചയായി മാറും. ശബരിമല സീസണിൽ ഇതരസംസ്ഥാന തീർഥാടകരുടെ പ്രധാന ഇടത്താവളമാണിവിടം. പുനലൂർ നെല്ലിപ്പള്ളിയിൽ ഗാബിയൻ സംരക്ഷണഭിത്തി തകർന്നുവീണിടത്ത് പുനർനിർമാണവും നടക്കുന്നുണ്ട്. മലയോര ഹൈവേയുടെ ഒന്നാം റീച്ചായ പുനലൂർ മുതൽ കോന്നിവരെയുള്ള 29.84 കിലോമീറ്ററിൽ നിർമിക്കുന്ന ഏറ്റവും വലിയ പാലങ്ങളിലൊന്നാണ്‌ മുക്കടവിലേക്ക്. പത്തനാപുരം കല്ലുംകടവ് പാലമാണ് മറ്റൊന്ന്. 737.64കോടി രൂപ ചെലവിട്ടുള്ള ഹൈവേ വികസനപദ്ധതിയിൽ 29.84 കിലോമീറ്റർ പുനലൂർ – കോന്നി (221 കോടി രൂപ), 30.16 കിലോമീറ്റർ കോന്നി – പ്ലാച്ചേരി (279 കോടി), 22.11 കിലോമീറ്റർ പ്ലാച്ചേരി – പൊൻകുന്നം (237.64 കോടി)എന്നിങ്ങനെ മൂന്നുഭാഗമായാണ് റോഡ് വികസിപ്പിക്കുന്നത്.

വഴിയൊരുങ്ങി, നാട് തെളിഞ്ഞു
 പുനലൂർ മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ദൈർഘ്യം 34.10 കിലോമീറ്ററാണ്‌. ഇതിനായി 201.67കോടി രൂപയാണ് അനുവദിച്ചത്. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന്‌ ആരംഭിച്ച് അഞ്ചൽ അഗസ്ത്യക്കോട്, ആലഞ്ചേരി, ഏരൂർ, കുളത്തൂപ്പുഴ, ചോഴിയക്കോട്, മടത്തറ ചല്ലിമുക്ക് വരെയാണ് ഹൈവേ പൂർത്തിയായത്. പുതിയ ഓടയും 100 കലുങ്കും നിർമിച്ചു. വെട്ടിപ്പുഴ, പിറയ്ക്കൽ, മാവിള കനാൽ, കുളത്തൂപ്പുഴ മുപ്പതടി തുടങ്ങിയ പാലങ്ങൾ വിപുലീകരിച്ച് ശക്തിപ്പെടുത്തി. പ്രധാന ജങ്‌ഷനുകളിൽ നടപ്പാത നിർമാണം തുടങ്ങി. വെയിറ്റിങ്‌ ഷെഡും നിർമിച്ചു. ആലഞ്ചേരിയിൽ മലയോര ഹൈവേയുമായി ബന്ധപ്പെടുത്തി അഞ്ചൽ ടൗൺവരെ ഹൈവേ നിലവാരത്തിൽ നിർമാണം പൂർത്തിയായി.


Exit mobile version