ഇടുക്കി ഏലപ്പാറക്ക് സമീപം മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ പുഷ്പ എന്ന സ്ത്രീയാണ് മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. പുഷ്പയുടെ കഴുത്തിന് താഴേക്ക് ശരീര ഭാഗം പൂർണ്ണമായും മണ്ണിനടിയിൽ അകപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോലിക്ക് പോകുന്നതിനുള്ള തയാറെടുപ്പിനിടെയാണ് മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായത്. ഭർത്താവും മക്കളും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ശക്തമായി മണ്ണ് വന്ന് പതിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.  

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇതിനെ തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്‌തിരുന്നു. ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലും താലൂക്ക് അടിസ്ഥാനത്തിലും കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുവാനും ക്യാമ്പുകൾ തുറക്കുവാനും നിർദേശം നൽകി. 

Exit mobile version