ആഴവും പരപ്പും കുറയുന്നു ; വേമ്പനാട്ട്‌ കായലിന്റെ സംഭരണശേഷിയിൽ വൻ ഇടിവ്‌.

ആലപ്പുഴ:വേമ്പനാട്ട്‌ കായലിന്റെ സംഭരണശേഷി 120 വർഷത്തിനിടെ 85. 3 ശതമാനം കുറഞ്ഞെന്ന്‌ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പഠനറിപ്പോർട്ട്‌. 1900ൽ 2617.5 മില്യൺ ക്യുബിക് മീറ്ററായിരുന്നുവെങ്കിൽ 2020ൽ വെറും 384.67 മില്ല്യൺ ക്യുബിക്‌ മീറ്ററാണ്‌.  85.3 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ്‌ റിപ്പോർട്ട്‌.  ജലസംഭരണശേഷിയുടെ കുറവിന് കാരണം വിസ്തൃതിയില്ലായ്‌മയാണ്‌.  1900-ൽ 365 ചതുരശ്ര കിലോമീറ്ററിൽനിന്ന്‌ 206.30 ആയി  വിസ്തൃതി കുറഞ്ഞു.  ആഴവും അതിവേഗമാണ്‌ കുറയുന്നത്‌.  കായലിന്റെ വലിയ ഭാഗങ്ങൾ ഉടൻ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ കണ്ടെത്തി. 

തണ്ണീർമുക്കം ബണ്ട്‌,  പാരിസ്ഥിതിക ആഘാതം, കനാലുകളുടെ ശോച്യാവസ്ഥ, മലിനീകരണം, ആഹാര ശൃംഖല ശ്രേണി, കടലിൽ ഒഴുകി നടക്കുന്ന നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത പ്രകാശസംശ്ലേഷണം നടത്തുന്ന ജീവി, മത്സ്യ വൈവിധ്യം, കറുത്തകക്ക, മത്സ്യ ബന്ധനം എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശദമായി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

വേമ്പനാട്ട്‌ കായൽ സങ്കീർണവും സംയോജിതവുമായ സംവിധാനമാണ്.  സമഗ്ര മാസ്റ്റർപ്ലാനിലൂടെ വേമ്പനാട്ട്‌ കായൽ സംരക്ഷണ പദ്ധതി രൂപീകരിക്കണം. വെള്ളപ്പൊക്ക, വരൾച്ച സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് സാമൂഹിക സാമ്പത്തികം ഉൾപ്പെടെ എല്ലാ വശങ്ങളിലും ലഭ്യമായ മികച്ച ശാസ്ത്രീയവശങ്ങളെ അടിസ്ഥാനമാക്കിയാകണം പദ്ധതിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു .

Exit mobile version