ആരോഗ്യ സേവനങ്ങൾക്ക്‌ ഇനി അതിവേഗം ; ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്.

ശബരിമല:ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിൽ 4×4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളുമായി ആരോഗ്യവകുപ്പിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഒരുങ്ങുന്നു. ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ അടിയന്തര വൈദ്യസഹായം നൽകാനായി ഒരുക്കുന്ന യൂണിറ്റ്‌ ഉടൻ എത്തുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കനിവ് 108 ആംബുലൻസ് പദ്ധതിയ്ക്കുകീഴിലാണ് യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്.

ബൈക്ക് ഫീഡർ 
ആംബുലൻസ്
രോഗിയെ കിടത്തിക്കൊണ്ടുപോകാൻ കഴിയുന്ന സൈഡ് കാറോടുകൂടിയതാണ്‌ ബൈക്ക് ഫീഡർ ആംബുലൻസ്‌. മറ്റു ആംബുലൻസുകൾക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള വഴികളിലും തിരക്കുള്ളിടങ്ങളിലും എത്തി രോഗികൾക്ക് പരിചരണംനൽകി സമീപത്തെ ആശുപത്രിയിലോ കനിവ് 108 ആംബുലൻസുകളിലേക്കോ എത്തിക്കുന്നതാണ്‌ ഇവയുടെ പ്രവർത്തനം. നഴ്സായ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായിരിക്കും വാഹനം പ്രവർത്തിപ്പിക്കുന്നത്. ഓക്‌സിജൻ സംവിധാനം ഉൾപ്പടെ ഇതിൽ സജ്ജമാണ്‌.

റെസ്‌ക്യു വാൻ
ദുർഘടപാതയിൽ സേവനം ഒരുക്കാനാണ് പ്രത്യേക 4×4 വാഹനം. അനായാസം സഞ്ചരിക്കാവുന്ന വാഹനത്തിൽ അടിയന്തര വൈദ്യസഹായത്തിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവുമുണ്ടാകും.

ഐസിയു ആംബുലൻസ്
പമ്പയിൽനിന്ന് രോഗികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാനാണ്‌ ഐസിയു ആംബുലൻസ്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ സജ്ജമാക്കിയ ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവുമുണ്ടാകും.ആശുപത്രികൾ, എമർജൻസി മെഡിക്കൽ സെന്ററുകൾ, എഎൽഎസ്, ബിഎൽഎസ് ആംബുലൻസുകൾ എന്നിവയ്ക്കുപുറമെയാണ്‌ പുതിയ സംവിധാനം.  അടിയന്തര വൈദ്യസഹായം വേണ്ടവർ 108 നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പൊലീസ്, ആരോഗ്യവകുപ്പ് പോയിന്റുകളിൽ ആവശ്യപ്പെടുകയോ ചെയ്താൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും. ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വാഹനങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.

Exit mobile version