ആയിരങ്ങൾ അണിചേർന്നു; ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പ്രതിഷേധ മാർച്ചിന് ഉജ്ജ്വലതുടക്കം.

തിരുവനന്തപുരം> കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധക്കൂട്ടായ്‌മക്ക് തുടക്കമായി.  രാജ്‌ഭവനു മുന്നിലേക്കുള്ള പ്രതിഷേധ മാർച്ച് മ്യൂസിയം പൊലീസ്‌ സ്‌റ്റേഷനു മുന്നിൽനിന്ന്‌ ആരംഭിച്ചു.  വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ– സാമൂഹ്യ–സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം ആയിരങ്ങളാണ് മാർച്ചിൽ അണിചേർന്നത്. പ്രതിഷേധകൂട്ടായ്‌മ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും.വിദ്യാഭ്യാസമേഖലയെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാരും ആർഎസ്‌എസും നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരായ കേരളത്തിന്റെ താക്കീതായി പ്രതിഷേധം മാറി .  രാവിലെ 10നാണ് മ്യൂസിയം പൊലീസ്‌ സ്‌റ്റേഷനു മുന്നിൽനിന്ന്‌ പ്രകടനം ആഭംഭിച്ചത്.  കർഷക, തൊഴിലാളി, വിദ്യാർഥി സംഘടനകളും പിന്തുണയുമായി പ്രതിഷേധത്തിൽ അണിചേർന്നിട്ടുണ്ട്. രാജ്ഭവന് പുറമെ  ജില്ലാ ആസ്ഥാനങ്ങളിൽ വെെകിട്ട് പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധകൂട്ടായ്‌മകളും ഇന്ന് ചേരും.
പ്രതിഷേധകുട്ടായ്മയിൽ ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ്‌ കെ മാണി, മാത്യു ടി തോമസ്‌, പി സി ചാക്കോ, വർഗീസ്‌ ജോർജ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്‌, കെ ബി ഗണേഷ്‌കുമാർ, ബിനോയ്‌ ജോസഫ്‌ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

Exit mobile version