കോട്ടയം: ഇലന്തൂരിൽ നരബലിക്കിരയായ രണ്ടു സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ രണ്ടാം ദിവസത്തിലേക്ക്. കോട്ടയം മെഡിക്കൽ കോളെജിലെ ഫൊറൻസിക് ലബോറട്ടറിയോടു ചേർന്നാണ് പോസ്റ്റ് മോർട്ടം നടക്കുന്നത്. മെഡിക്കൽ ചരിത്രത്തിലെ അപൂർവമായ. തരത്തിലുള്ള പോസ്റ്റ്മോർട്ടമാണു പുരോഗമിക്കുന്നത്. ഈ നടപടി എപ്പോൾ തീരുമെന്നു പറയാനാവില്ലെന്ന് ഡോക്റ്റർമാർ. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർ ആഭിചാരക്രിയകൾ നടത്തി കൊലപ്പെടുത്തിയ പത്മം, റോസലി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തെടുത്ത് പരിശോധിക്കുന്നത്. അൻപതിൽ പരം പോളിത്തീൻ കവറുകളിലായി 61 കഷണമായാണ് മൃതദേഹങ്ങളടെ അവശിഷ്ടം. മനുഷ്യന്റേതാണോ എന്നു പോലും തിരിച്ചറിയാൻ കഴിയാത്തത്ര വികൃതമാണ് ഈ കഷണങ്ങൾ. മിക്കവാറും ജീർണിച്ച നിലയിലും.
രണ്ടു സ്ത്രീകൾ 61 കഷണങ്ങളായി മുന്നിലെത്തിയതു കണ്ട് ഡോക്റ്റർമാരും ജീവനക്കാരും പകച്ചു നിൽക്കുകയാണ്. ഇലന്തൂരിൽ നരബലിക്കിരയായ പത്മയുടെയും റോസ്ലിന്റെയും മൃതദേഹഭാഗങ്ങളാണ് പോലീസ് വിവിധ പൊതികളിലായി പോസ്റ്റ്മോർട്ടത്തിനെത്തിച്ചത്. ബുധനാഴ്ച നാലു ഡോക്ടർമാർ ആറുമണിക്കൂറോളം പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും പൂർത്തിയായില്ല. രണ്ടാഴ്ച പഴക്കമുള്ള അവശിഷ്ടം സ്ത്രീശരീരത്തിന്റേതാണെന്നുമാത്രം തിരിച്ചറിഞ്ഞു.വളരെ സങ്കീർണമായ ഘട്ടങ്ങളിലൂടെ മാത്രമേ പോസ്റ്റ്മോർട്ടം പൂർത്തീകരിക്കാൻ കഴിയൂ. അതിനാൽ നടപടി രണ്ടാംദിവസവും തുടരും. കേരളത്തിലെ പോസ്റ്റ്മോർട്ട ചരിത്രത്തിൽതന്നെ അത്യസാധാരണമാണ് ഇത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇത്രയേറെ സങ്കീർണമായ പോസ്റ്റ്മോർട്ടം ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.