അഗ്നി രക്ഷാസേനയ്‌ക്ക്‌ കരുത്തുപകരാൻ പുതുതായി 284 ഉദ്യോഗസ്ഥർകൂടി. 

സംസ്ഥാനത്ത്‌ , കേരള ഫയര്‍ ആന്‍ഡ്‌ റസ്ക്യൂ സര്‍വീസസില്‍ പുതുതായി നിയമിതരായ ഉദ്യോഗസ്ഥരുടെ പരിശീലനത്തിന്‌ കൊച്ചിയിൽ തുടക്കമായി. 37–-ാംബാച്ച്‌ ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ ഓഫീസര്‍മാരുടെ പരിശീലനത്തിന്റെ സംസ്ഥാന ഉദ്ഘാടനം ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ എറണാകുളം ഗാന്ധിനഗര്‍ അഗ്നി രക്ഷാനിലയത്തിൽ നിര്‍വഹിച്ചു. സംസ്ഥാനത്തെ 11 റീജണല്‍ പരിശീലനകേന്ദ്രങ്ങളിലായാണ്‌ 284 പേർക്ക്‌ പരിശീലനം നൽകുക. ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ സര്‍വീസസ്‌ ടെക്നിക്കല്‍ ഡയറക്ടര്‍ എം നൗഷാദ്‌ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേഷൻ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്‌ സംസാരിച്ചു.

വിവിധ മേഖലകളില്‍ ഒരുവര്‍ഷത്തെ സമഗ്രപരിശീലനമാണ്‌ നല്‍കുന്നത്‌. ഫയര്‍ പ്രൊട്ടക്‌ഷന്‍, ഫയര്‍ ഫൈറ്റിങ്‌, വ്യവസായശാലകളിലെ അഗ്നിപ്രതിരോധം, വെള്ളത്തിനടിയിലും പ്രളയസമയത്തുമുള്ള രക്ഷാപ്രവർത്തനം, രാസ അപകടം കൈകാര്യം ചെയ്യാനും രക്ഷാപ്രവര്‍ത്തനം നടത്താനുമുള്ള പ്രാവീണ്യം, പ്രഥമശുശ്രൂഷ, പുക നിറഞ്ഞ ഇരുട്ടുമുറികളിലെ രക്ഷാപ്രവര്‍ത്തനം, ബഹുനിലക്കെട്ടിടത്തിൽ ശ്വസനസഹായി ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്‌ പരിശീലനം.

Exit mobile version