അക്രമസംഭവങ്ങളില്‍ നിന്നും നുഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും അവരുടെ മൂന്ന് വയസ്സുള്ള മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്!

ഹരിയാനയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന ആൾക്കൂട്ട ആക്രമണങ്ങള്‍ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഓരോന്നോരോന്നായി പുറത്തു വരികയാണ്‌…  സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമസംഭവങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.    തിങ്കളാഴ്ച ഉച്ചയ്ക്ക് ഹരിയാനയിലെ നുഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് ആക്രമണ സംഭവങ്ങളുടെ തുടക്കം. പിന്നീട് പ്രദേശത്ത് രണ്ട് മത വിഭാഗങ്ങള്‍ തമ്മിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

റിപ്പോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ചയുണ്ടായ അക്രമസംഭവങ്ങളില്‍ നിന്നും നുഹിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും അവരുടെ മൂന്ന് വയസ്സുള്ള മകളും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. അക്രമികള്‍ തങ്ങളുടെ വാഹനത്തിന് നേരെ കല്ലെറിയുകയും വെടിവയ്ക്കുകയും ചെയ്തുവെന്ന് ചൊവ്വാഴ്ച സിറ്റി നുഹ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജഡ്ജിയും അവരുടെ മൂന്ന് വയസ്സുള്ള മകളും ജീവനക്കാരന്‍ സിയാറാമും അവരുടെ ഫോക്‌സ്‌വാഗൺ കാറിൽ മരുന്ന് വാങ്ങുന്നതിനായി നാൽഹാറിലെ എസ്‌കെഎം മെഡിക്കൽ കോളേജിലേക്ക് പോയി. ഉച്ചയ്ക്ക് 2 മണിയോടെ അവർ മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങുമ്പോൾ ഡൽഹി-ആൽവാർ റോഡിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം 100-150 ആക്രമണകാരികള്‍ അവരെ ആക്രമിച്ചു. കലാപകാരികള്‍ അവരുടെ വാഹനത്തിന് നേരെ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തു. ആക്രമണത്തില്‍ കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു.  അതോടെ ഡ്രൈവറടക്കം നാലുപേരും കാർ റോഡിൽ ഉപേക്ഷിച്ച് ജീവനും കൊണ്ടോടി അടുത്തുകണ്ട ഒരു വർക്ക് ഷോപ്പിൽ കയറി ഒളിച്ചു. പിന്നീട് ചില അഭിഭാഷകരെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അടുത്ത ദിവസം, കാർ പരിശോധിക്കാൻ എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കലാപകാരികൾ കാര്‍  കത്തിച്ചിരുന്നു….  എഫ്‌ഐആർ പറയുന്നു.

ഹരിയാനയിലെ നുഹ്, ഫരീദാബാദ്, പൽവൽ ജില്ലകളിലും ഗുരുഗ്രാമിലെ മൂന്ന് സബ് ഡിവിഷനുകളിലും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍  ആഗസ്റ്റ്‌ 5 വരെ ഈ ജില്ലകളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിയ്ക്കുകയാണ്. ഈ ജില്ലകളിലെ സ്ഥിതി അതീവഗുരുതരവും സംഘർഷഭരിതവുമാണെന്ന് ഹരിയാന ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Exit mobile version