ബ്രഹ്മപുരം വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു; തുടക്കം മുതലേയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി.

 തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാൻറിലെ തീപിടിത്തം സംബന്ധിച്ച് വിജലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രസ്‌താവിച്ചു. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്‌താവന നടത്തിയത്.

ബ്രഹ്മപുരത്ത്  തുടക്കം മുതലേയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കും. തീപിടിത്തം സംബന്ധിച്ച് പൊലീസ്  അന്വേഷണവും ഉണ്ടാകും. കൊച്ചി കോർപ്പറേഷന് വിഴ്‌ച പറ്റിയോയെന്നും അന്വേഷിക്കും. തീപിടിത്തത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കും. ഉത്തരവാദികളെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി  ഉറപ്പുനൽകി. മാലിന്യ  സംസ്‌കരണത്തിന് ജനകീയ യജ്ഞം ആവശ്യമാണ്. ആസൂത്രിത പ്രതിഷേധങ്ങൾ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21- 23  തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തും. മറ്റ് ഏജന്‍സികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.

ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്നം ആരംഭിക്കാം. ബ്രഹ്‌മപുരം  സൃഷ്‌ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി നമുക്ക് മാറ്റാമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. ഈ പ്രവർത്തനത്തിൽ പങ്കാളികളായ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ്, പോലീസ്, കൊച്ചി കോർപറേഷൻ എന്നിവയിലെ  ജീവനക്കാർ തുടങ്ങി എല്ലാവരേയും  അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version