പിഎച്ച്ഡി സർട്ടിഫിക്കറ്റ് രണ്ട് മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നാലു വർഷങ്ങൾക്ക് മുമ്പ് സംസ്കൃതത്തിൽ പിഎച്ച്ഡി ലഭിച്ചവരുടെ  അസൽ സർട്ടിഫിക്കറ്റ് രണ്ടു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കേരള സർവകലാശാലാ രജിസ്ട്രാർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ഓഗസ്റ്റ് 30 ന് മുമ്പ് സർവകലാശാല രജിസ്ട്രാർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  പരാതിക്കാരനായ ഡോ. എസ്. സുജിത്തിന് രണ്ടു മാസത്തിനകം അസൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് രജിസ്ട്രാർ കമ്മീഷന് ഉറപ്പു നൽകി. ഭാവി ജീവിതം കരുപ്പിടിപ്പിക്കുക എന്ന  ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഗവേഷണം നടത്തി പ്രബന്ധം സമർപ്പിക്കുന്നതെന്നും അതനുസരിച്ച് സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാനുള്ള ബാധ്യത സർവകലാശാലക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സർട്ടിഫിക്കറ്റിനായി വർഷങ്ങളോളം കാത്തിരിക്കുന്നത് ഭാവി ഇരുളിലാക്കമെന്നും അങ്ങനെ സംഭവിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.   

Exit mobile version