തിരുവനന്തപുരം: സംസ്ഥാനത്ത് അക്ഷയ ഊര്‍ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്ക്കുള്ള 2021ലെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് പൊതുമേഖലാ സ്ഥാപന വിഭാഗത്തില്‍ നെടുമ്പാശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡിന് എറണാകുളം സെന്റ് തെരേസാസ് കോളെജ് (ഓട്ടോണമസ്), രാജഗിരി കോളെജ് ഒഫ് സോഷ്യൽ സയൻസ് എന്നിവര്‍ അര്‍ഹരായി. കാസർഗോഡ് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ അവാര്‍ഡ് നേടി. ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, തിരുവനന്തപുരം, എയ്ഞ്ചൽ ഏജൻസീസ്, ആലപ്പുഴ എന്നിവര്‍ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള അവാര്‍ഡ് പങ്കിട്ടു. എൻ. മുഹമ്മദ് ഷഫീഖ്, ഇല്യൂമിൻ എനർജി സൊല്യൂഷൻസ്, എറണാകുളം യുവ സംരംഭകനുളള അവാര്‍ഡ് നേടി. അക്ഷയ ഊര്‍ജ സേവനദാതാക്കള്‍ വിഭാഗത്തില്‍ ഇൻകെൽ ലിമിറ്റഡിനാണ് അവാര്‍ഡ്. ഓരോ മേഖലയിലും ഒരു ലക്ഷം രൂപ, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് അവാര്‍ഡ്.
ഗവ. ഹൈസ്കൂൾ, മണ്ണഞ്ചേരി, ആലപ്പുഴ, ക്രൈസ്റ്റ് കോളെജ് (ഓട്ടോണമസ്), തൃശൂർ എന്നിവര്‍ വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തിലും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിലും, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്, തിരുവനന്തപുരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപന വിഭാഗത്തിലും, എൽസോൾ പവർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ ടിൻസു മാത്യു, ലിബിൻ ബോബന് എന്നിവര്‍ യുവ സംരംഭ വിഭാഗത്തിലും, ഡയമണ്ട് ഫുഡ് പ്രൊഡക്റ്റ്സ്, എറണാകുളം വ്യവസായ സ്ഥാപന വിഭാഗത്തിലും, വെൽഫെയർ സർവീസസ് എറണാകുളം (സഹൃദയ) അക്ഷയ ഊര്‍ജ സേവനദാതാക്കളുടെ വിഭാഗത്തിലും എംഇഎസ് കോളെജ് ഒഫ് എൻജിനീയറിങ്, കുറ്റിപ്പുറം നൈപുണ്യ വികസന വിഭാഗത്തിലും പ്രശംസ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി. ഇവര്‍ക്ക് ഫലകവും, പ്രശസ്തി പത്രവും ലഭിക്കും.
ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായും വൈദ്യുതി ബോര്‍ഡ് സിഎംഡി, അനെര്‍ട്ട് സിഇഒ, ഇഎംസി ഡയറക്റ്റർ, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്റര്‍ എന്നിവര്‍ അംഗങ്ങളായും രൂപീകരിച്ചിട്ടുള്ള സംസ്ഥാനതല മോണിട്ടറിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയത്തിനുള്ള മേല്‍നോട്ട ചുമതല നിര്‍വഹിച്ചത്.