ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൗരോർജ ബോട്ടായ ബരാക്കുഡ നീറ്റിലിറക്കി.

ആലപ്പുഴ: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൗരോർജ ബോട്ടായ ബരാക്കുഡ നീറ്റിലിറക്കി. മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി നവാൾട്ടും ചേർന്ന്‌ വികസിപ്പിച്ച ബോട്ട് പരിസ്ഥിതിസൗഹൃദ സമുദ്രഗതാഗതത്തിൽ പുതിയ ചുവടുവയ്‌പ്പാണ്. ആലപ്പുഴയിൽ നവാൾട്ടിന്റെ പാണാവള്ളി യാർഡിലായിരുന്നു നിർമാണം. കടലിൽ ചാട്ടുളി പോലെ പായുന്ന  മത്സ്യമായ ബരാക്കുഡയുടെ (ശീലാവ്‌) പേരാണ് വേഗം മുൻനിർത്തി  ബോട്ടിന് നൽകിയത്. 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയുമുള്ള ബോട്ടിൽ 12 പേർക്ക് യാത്ര ചെയ്യാം. 12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗവും ഒറ്റച്ചാർജിൽ ഏഴ്‌ മണിക്കൂർ റേഞ്ചും ഇതിനുണ്ട്. ഇരട്ട 50 കിലോ വാട്ട് ഇലക്‌ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽഎഫ്പി ബാറ്ററി, ആറ്‌ കിലോവാട്ട് സോളാർപവർ എന്നിവയുടെ ശക്തി ഉൾക്കൊള്ളുന്നതാണ്. ശബ്‌ദം, കുടുക്കം, മലിനീകരണം എന്നിവയില്ലാത്തതാണ് യാത്ര. നാല് മീറ്റർവരെ ഉയരമുള്ള തിരമാലകളിലൂടെ സഞ്ചരിക്കാം. നവാൾട്ടിന്റെ സൗരോർജ ബോട്ടുകൾ സാങ്കേതികവിദ്യയ്‌ക്കും രൂപകൽപ്പനയ്‌ക്കും കാർബൺ വിമുക്ത സമുദ്രഗതാഗതത്തിനുമുള്ള അന്താരാഷ്‌ട്ര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Exit mobile version