30 വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചപ്പോൾ…

കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ വൻ ജനത്തിരക്ക്. ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും ക്ലാസിക് ചിത്രമാണ് മേളയിൽ പ്രദർശിപ്പിച്ചത്. മണിച്ചിത്രത്താഴിന് 30-ാം വര്‍ഷത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു. കൈരളി തിയേറ്ററിന് മുന്നിൽ മഴ പോലും വകവയ്ക്കാതെ ആയിരങ്ങളാണ് തടിച്ചുകൂടിയത്. തിരക്കേറിയതോടെ മൂന്ന് അധിക പ്രദർശനങ്ങളും നടത്തി.    വൈകിട്ട് 7.30ന്റെ പ്രദര്‍ശനത്തിന് മൂന്ന് മണിമുതല്‍ ക്യൂ ഉണ്ടായിരുന്നു. 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങി. നിരവധിപേര്‍ നിലത്തിരുന്നാണ് സിനിമ കണ്ടത്. പുറത്തും ചിത്രം കാണാൻ വലിയ ക്യൂ തന്നെ ഉണ്ടായിരുന്നു. പരമാവധിപേരെ സിനിമ കാണിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൂന്ന് അധിക പ്രദര്‍ശനങ്ങള്‍ കൂടി നടത്തുകയായിരുന്നു. 9 മണിക്ക് നിളയിലും 9.30ന് ശ്രീയിലും തുടര്‍ന്ന് കൈരളിയിലുമായി സിനിമ പ്രദര്‍ശിപ്പിച്ചു. ഒരു സിനിമയുടെ നാല് പ്രദര്‍ശനങ്ങള്‍ ഒരു ദിവസം നടന്ന ചലച്ചിത്രോത്സവമായി കേരളീയം മാറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.   

Exit mobile version