സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷം; പ്രസിഡന്റ് ​ഗോട്ടബായ രജപക്സെ രാജ്യം വിട്ടു

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രക്ഷോഭം രൂക്ഷമായിരിക്കെ ശ്രീലങ്കൻ പ്രസിഡന്റ് ​ഗോട്ടബായ രജപക്സെ രാജ്യം വിട്ടു. ഭാര്യ ലോമ രാജപക്സെക്കൊപ്പം ഗോട്ടബായ രജപക്സെ മാലിദ്വീപിലെത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച പുലർച്ചെയാണ് പ്രസിഡന്റ് രാജ്യം വിട്ടത്. രജപക്‌സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ശ്രീലങ്കൻ എയർഫോഴ്‌സ് വിമാനത്തിൽ മാലിദ്വീപിലേക്ക് പോയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം ഒഴിയാനിരിക്കെയാണ് ​ഗോട്ടബായ രാജ്യം വിട്ടത്. 

ഗോട്ടബായയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ശനിയാഴ്ച പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെ വസതി കയ്യേറിയിരുന്നു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതിക്ക് തീവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ​ഗോട്ടബായ രാജ്യം വിട്ടത്. ​ഗോട്ടബായയും കുടുംബവും ചൊവ്വാഴ്ച രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ട് തവണയും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തടയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എയർഫോഴ്സിന്റെ വിമാനത്തിൽ രാജ്യം വിടാൻ തീരുമാനിച്ചത്. 

വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ കോവിഡ് സാഹചര്യവും വിദേശത്തുള്ള ശ്രീലങ്കക്കാരിൽ നിന്നുള്ള പണമടയ്ക്കലിലെ ഇടിവും ദോഷകരമായി ബാധിച്ചു. 2019-ൽ രാജപക്‌സെ സർക്കാർ ജനകീയ നികുതി ഇളവുകൾ കൊണ്ടുവന്നു, ഇത് ധനകാര്യത്തെ ബാധിച്ചു. അതേസമയം വിദേശ കരുതൽ ശേഖരം കുറഞ്ഞതോടെ ഇന്ധനം, ഭക്ഷണം, മരുന്നുകൾ എന്നിവയുടെ ഇറക്കുമതി വെട്ടിക്കുറച്ചു. ശ്രീലങ്കയിൽ പെട്രോൾ ക്ഷാമം രൂക്ഷമാണ്. പാചകവാതകം വിൽപ്പന നടത്തുന്ന കടകൾക്ക് മുന്നിലും വലിയ ക്യൂ ആണ് കാണപ്പെടുന്നത്.

രജപക്‌സെ കുടുംബത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് മെയ് മാസത്തിൽ പ്രസിഡന്റിന്റെ മൂത്ത സഹോദരൻ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കൊളംബോയിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു സൈനിക താവളത്തിൽ ഒളിവിൽ കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. മെയ് മുതൽ സർക്കാരിനെതിരായ പ്രതിഷേധം ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ശനിയാഴ്ച ലക്ഷക്കണക്കിന് ആളുകൾ കൊളംബോയിലേക്ക് വലിയ പ്രക്ഷോഭവുമായി എത്തി.

Exit mobile version