മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം. കറാച്ചിയിൽ 19 ഇമ്രാൻ അനുകൂലികൾ അറസ്റ്റിലായി. പ്രധാനമന്ത്രിയായിരിക്കെ വിദേശപ്രതിനിധികളിൽനിന്നും വിദേശസന്ദർശനത്തിനിടെയിലും ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റതായ തോഷാഖാന കേസിൽ ശനിയാഴ്ചയാണ് ജില്ലാ കോടതി ഇമ്രാനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചത്. അഞ്ചുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നിനുൾപ്പെടെ അയോഗ്യതയും ചുമത്തി.
ലാഹോർ സമാൻ പാർക്കിലെ ഇമ്രാന്റെ വസതിക്ക് മുന്നിലുൾപ്പെടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇമ്രാൻ മെയ് ഒമ്പതിന് അറസ്റ്റിലായപ്പോൾ പിടിഐ പ്രവർത്തകർ നടത്തിയ രാജ്യവ്യാപക പ്രതിഷേധം അക്രമാസക്തമായിരുന്നു. അതിനിടെ, അറ്റോക്ക് ജയിലിലുള്ള ഇമ്രാനെ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകർ രംഗത്തെത്തി. സന്ദർശക വിലക്കുള്ള അതിസുരക്ഷാ ജയിലാണ് അറ്റോക്ക്. ഇസ്ലാമാബാദ് പൊലീസ് ഇമ്രാനെ അറസ്റ്റുചെയ്ത് അഡിയാല ജയിലിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ഉത്തരവെന്ന വിവരം പുറത്തുവന്നു. എന്നാൽ, ലാഹോറിലെ വീട്ടിൽനിന്ന് പഞ്ചാബ് പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ്ചെയ്‌ത് അറ്റോക്ക് ജയിലിലേക്ക് മാറ്റിയത്.