മഴക്കെടുതി: കോട്ടയം ജില്ലയിൽ 60 വീടുകൾക്ക് നാശനഷ്ടം; 63 ക്യാമ്പുകളിലായി 1971 പേർ

കോട്ടയം: തോരാമഴയ്ക്ക് അൽപം ശമനമായപ്പോൾ ജില്ലയുടെ കിഴക്കൻ മേഖലയിലെ വെള്ളം ഇറങ്ങിത്തുടങ്ങി. ഇതോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പിൽ അപകടനില തുടരുകയാണ്.  താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് ശമനമില്ല. വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ വെള്ളപ്പൊക്കം ജനജീവിതത്തെ ബാധിച്ചു.  അയ്മനം, കുമ്മനം, ഇല്ലിക്കൽ, ചെങ്ങളം, തിരുവാർപ്പ്, കുമരകം, ചങ്ങനാശേരി, വൈക്കം ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിരവധി വീടുകളും സ്ഥാപനങ്ങളും വഴികളും വെള്ളത്തിലായി. പലയിടങ്ങളിലും ഗതാഗതം മുടങ്ങിയിട്ടുണ്ട്. തിരുവാര്‍പ്പ് പഞ്ചായത്തിലെ 18 വാര്‍ഡുകളും വെള്ളത്തിലായി. 

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ മംഗളഗിരി – മുപ്പതേക്കര്‍ – ഒറ്റയീട്ടി റോഡ് തകര്‍ന്നു. തീക്കോയില്‍ നിന്നും വാഗമണ്ണിലേക്കുളള സമാന്തരപാതയാണിത്. വാഗമണ്ണിലേക്കുളള പ്രധാന റോഡ് തകര്‍ന്നതോടെ വിനോദസഞ്ചാരികള്‍ ആശ്രയിച്ചിരുന്നത് ഈ പാതയാണ്. ഇവിടെ ചെറുകലുങ്കകളും തകര്‍ന്നു. അതിനിടെ ദേശീയ ദുരന്തനിവാരണ സേന മൂന്നിലവ് ചെക്ക് ഡാമില്‍ സന്ദര്‍ശനം നടത്തി. ചങ്ങനാശേരി നഗരസഭ, പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളിലെയും പടിഞ്ഞാറന്‍പ്രദേശങ്ങളിൽ വെള്ളംകയറി. എ.സി റോഡില്‍ മനയ്ക്കച്ചിറ, പാറയ്ക്കല്‍കലുങ്ക്, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ്, എന്നിവിടങ്ങളിലും വെള്ളം കയറി.  നദീതീരത്തുളള ക്ഷേത്രങ്ങളും ദേവാലയങ്ങളും അടച്ചു തുടങ്ങി. വെളളം കയറിയ വേളൂര്‍ പാറപ്പാടം ക്ഷേത്രം രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. മണിയാപറമ്പ് – മുഹമ്മ ബോട്ട് സർവീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ജലപാതയിലെ പുറംബണ്ടുകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിയത്. 

മഴക്കെടുതിയിൽ ജില്ലയിൽ 60 വീടുകളാണ് ഭാഗികമായി നശിച്ചത്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5 വരെയുള്ള കണക്കാണിത്. മീനച്ചിൽ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. 47 വീടുകൾ ഭാഗികമായി തകർന്നു. കോട്ടയം, വൈക്കം താലൂക്കുകളിൽ നാലു വീതവും ചങ്ങനാശേരി താലൂക്കിൽ മൂന്നും കാഞ്ഞിരപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾക്കു നാശനഷ്ടം നേരിട്ടു.

Exit mobile version