ദോഹ:തോൽവിയറിയാതെ പ്രീക്വാർട്ടറിലേക്ക് കുതിക്കാനൊരുങ്ങിയ ബ്രസീലിനെ കാമറൂൺ ഞെട്ടിച്ചു. ക്യാപ്‌റ്റൻ വിൻസെന്റ് അബൂബക്കറുടെ പരിക്കുസമയഗോളിൽ കാമറൂൺ അഞ്ചുവട്ടം ചാമ്പ്യൻമാരായ ബ്രസീലിനെ തുരത്തി. ഇതാദ്യമായാണ് ലോകകപ്പിൽ ഒരു ആഫ്രിക്കൻ ടീമിനോട് കാനറികൾ തോൽക്കുന്നത്. തോറ്റെങ്കിലും ജി ഗ്രൂപ്പിൽ ഒന്നാമതായി. സെർബിയയെ 3–-2ന് കീഴടക്കി സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ് ജിയിൽ രണ്ടാമതായി മുന്നേറി. ബ്രസീലിനും സ്വിസ്സിനും ആറ് പോയിന്റാണ്. ഗോൾവ്യത്യാസത്തിൽ ബ്രസീൽ ഒന്നാമതായി.
സ്വിറ്റ്‌സർലൻഡിനെതിരായ കളിയിൽനിന്ന് ഒമ്പത് മാറ്റങ്ങളുമായാണ് ടിറ്റെ ബ്രസീലിനെ ഇറക്കിയത്. എന്നാൽ യുവനിരയ്‌ക്ക് മികവ് കാട്ടാനായില്ല. ഗബ്രിയേൽ മാർടിനെല്ലി, റോഡ്രിഗോ, ഗബ്രിയേൽ ജെസ്യൂസ്, ആന്തണി എന്നിവരെല്ലാം മുന്നേറ്റത്തിൽ പതറി. ഗോളടിക്കാൻ അവസരങ്ങളേറേയുണ്ടായിട്ടും മുതലാക്കാനായില്ല. ക്യാപ്‌റ്റനായി എത്തിയ ഡാനി ആൽവേസ് ബ്രസീൽ കുപ്പായത്തിൽ ലോകകപ്പിനിറങ്ങുന്ന പ്രായമേറിയ താരമായി. 39 വയസും 210 ദിവസവുമാണ് ആൽവേസിന്റെ പ്രായം.
ആകെ 28 തവണ ഷോട്ട് പായിച്ചിട്ടും ഒരിക്കൽപോലും കാമറൂൺ വല കാണാൻ ബ്രസീലിനായില്ല. പരിക്കുസമയം ജെറൊം ബെകേലിയുടെ പാസ് സ്വീകരിച്ചാണ് വിൻസെന്റ് കുതിച്ചത്. രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ ഹെഡർ. ബ്രസീൽ വിറച്ചു. തിരിച്ചുവരാൻ സമയുമുണ്ടായില്ല കാനറിപ്പടയ്‌ക്ക്.
അഞ്ച് ഗോൾ നിറഞ്ഞ കളിയിൽ ഷെർദാൻ ഷക്കിരി, ബ്രീൽ എംബോളോ, റെമൊ ഫ്രെയ്‌ലർ എന്നിവരാണ് സ്വിറ്റ്‌സർലൻഡിനായി ഗോളടിച്ചത്. അലെക്‌സാണ്ടർ മിത്രോവിച്ചിലൂടെയും ദുസാൻ വ്ലാഹോവിച്ചിലൂടെയും സെർബിയ മറുപടി നൽകി.