ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വെടിയേറ്റു; അക്രമി അറസ്റ്റിൽ

ടോക്കിയോ:  Shinzo Abe Attacked: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റതായി റിപ്പോർട്ട്. കിഴക്കന്‍ ജപ്പാനിലെ നാറ നഗരത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് ഷിന്‍സോ ആക്രമിക്കപ്പെട്ടത്. നെഞ്ചിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും ജപ്പാനിലെ എൻ‌എച്ച്‌കെ വേൾഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ സംഭവസ്ഥലത്തു വച്ചുതന്നെ പിടികൂടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അബോധാവസ്ഥയിലായ ആബെയെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.  തുടർച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. അദ്ദേഹം 2020ലാണ് പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങിയത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് റിപ്പോർട്ട്.

Exit mobile version