ജപ്പാനെ പിടിച്ചു കുലുക്കി വൻ ഭൂകമ്പം

തിങ്കളാഴ്ച മധ്യ ജപ്പാനിലും അതിന്‍റെ പടിഞ്ഞാറൻ തീരത്തും ശക്തമായ ഭൂകമ്പവും സുനാമിയും ഉണ്ടായി. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാൻ തീരത്തിന്‍റെ ചില ഭാഗങ്ങളിൽ ഒരു മീറ്ററോളം ഉയര്‍ന്ന തിരമാലകൾ സൃഷ്ടിച്ചു. ഭൂകമ്പത്തിൽ മരണം 13 ആയി. നിരവധി കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സുനാമി മുന്നറിയിപ്പ് നൽകിയത് പിൻവലിച്ചിട്ടുണ്ടെങ്കിലും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്ന് അധികാരികൾ പറഞ്ഞു. ഇന്നലെ ഒരു ദിവസം മാത്രം 155 തുടർചലനങ്ങളാണ് ജപ്പാനിലുണ്ടായത്. നാശനഷ്ടത്തിന്‍റെ വ്യാപ്തി ഇപ്പോഴും അധികൃതർ വിലയിരുത്തുകയാണ്.   കൂടുതൽ തുടര്‍  ഭൂചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍  ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.   ഭൂകമ്പത്തെ ത്തുടര്‍ന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസപ്പെട്ടു, ദുരന്ത ബാധിത പ്രദേശത്തേക്കുള്ള വിമാനങ്ങളും റെയിൽ ഗതാഗതവും തടസ്സപ്പെട്ടു.  ഇഷികാവ, ടോയാമ പ്രദേശങ്ങളില്‍ 36,000-ലധികം കുടുംബങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതായി യൂട്ടിലിറ്റി പ്രൊവൈഡർ ഹോകുരിക്കു ഇലക്ട്രിക് പവർ പറഞ്ഞു.  

കനത്ത ഭൂകമ്പത്തെത്തുടര്‍ന്ന് ജപ്പാനിലെ ആണവ നിലയങ്ങളിൽ ക്രമക്കേടുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ജപ്പാനിലെ ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അറിയിച്ചു.  ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇഷിക്കാവയിലെ ഹൊകുരികുവിന്‍റെ ഷിക പ്ലാന്‍റ്,  ഭൂകമ്പത്തിന് മുമ്പ് തന്നെ അതിന്‍റെ രണ്ട് റിയാക്ടറുകൾ പതിവ് പരിശോധനയ്ക്കായി നിർത്തിയിരുന്നതായും ഭൂകമ്പത്തിന്‍റെ  യാതൊരു സ്വാധീനവും കണ്ടില്ലെന്നും ഏജൻസി അറിയിച്ചു. 

ജപ്പാന്‍ സമയം വൈകിട്ട് 4.10ന്‌ ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ആദ്യ ഭൂകമ്പമുണ്ടായത്. പിന്നീട് ഒന്നരമണിക്കൂറിനിടെ 21 തുടര്‍ചലനങ്ങള്‍ ഉണ്ടായി.  36,000ത്തോളം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വാജിമയിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു.

Exit mobile version