ഗാസയിൽ പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക്‌ റോക്കറ്റാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നേക്കും

ഗാസ : ഗാസയിൽ പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക്‌ ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നേക്കും. ഗാസ നഗരത്തിന്റെ തെക്ക്‌ സെയ്‌തൂണിൽ ക്രൈസ്‌തവ രൂപത നടത്തുന്ന അൽ അഹ്‌ലി അറബ്‌ ആശുപത്രിയിലേക്ക്‌  ചൊവ്വ രാത്രിയായിരുന്നു ആക്രമണം. ബുധൻ വൈകിട്ടുവരെ 471 മൃതദേഹം കണ്ടെത്തിയെന്ന്‌ പലസ്തീൻ അധികൃതർ സ്ഥിരീകരിച്ചു. ആയിരത്തിലധികം പേർക്ക്‌ പരിക്കേറ്റു. 314 പേർ ചികിത്സയിലാണ്‌. 28 പേരുടെ നില അതീവ ഗുരുതരം.  കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്‌. ചികിത്സയ്ക്കെത്തിയവരും ആശുപത്രിയിൽ അഭയം തേടിയവരുമുണ്ട്‌. ആവശ്യത്തിന്‌ മരുന്നോ   ഉപകരണങ്ങളോ ഇല്ലാത്തത്‌  ചികിത്സയ്ക്ക്‌ തടസ്സമാകുന്നു. ഡോക്ടർമാർ വരാന്തകളിൽനിന്ന്‌ ശസ്ത്രക്രിയ നടത്തുകയാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു.

ഇസ്രയേലാണ്‌ വ്യോമാക്രമണം നടത്തിയതെന്ന്‌ ഹമാസ്‌ ആരോപിച്ചു. എന്നാൽ, ഗാസയിൽനിന്നുതന്നെ തൊടുത്ത റോക്കറ്റാണ്‌ ആശുപത്രിയിൽ പതിച്ചതെന്ന്‌ ഇസ്രയേൽ സൈന്യവും സർക്കാരും അവകാശപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും ഈ നിലപാട്‌ ആവർത്തിച്ചു. ഗാസയിലെ ഇസ്ലാമിക്‌ ജിഹാദിന്റെ റോക്കറ്റാണ്‌ ആശുപത്രിയിൽ പതിച്ചതെന്നാണ്‌ ഇസ്രയേൽ ആരോപണം.

Exit mobile version