ഖത്തർ ലോകകപ്പിൽ കേരളമാണു താരം

കൊച്ചി: ഖത്തർ വേദിയാവുന്ന ലോകകപ്പിന് മുമ്പ് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശത്തെ വാനോളം പുകഴ്‌ത്തിയ ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവും മലയാളികളും എന്നും ഫുട്ബോൾ ഇഷ്‌ടപ്പെടുന്നവരാണ്. ഖത്തർ ലോകകപ്പിൻറെ ആവേശം സംസ്ഥാനത്തിൻറെ എല്ലാ മുക്കിലും മൂലയിലും കാണാം. താരതമ്യങ്ങളില്ലാത്ത കേരളത്തിൻറെ ഫുട്ബോൾ ആവേശത്തെ അനുമോദിച്ച ഫിഫയ്ക്ക് നന്ദി എന്നാണ് പിണറായിയുടെ ട്വീറ്റ്.

കോഴിക്കോട് പുള്ളാവൂരിൽ ആരാധകർ സ്ഥാപിച്ച ലിയോണൽ മെസി, നെയ്‌മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കട്ടൗട്ടുകളെ പ്രശംസിച്ചുള്ള ഫിഫയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് കേരള മുഖ്യമന്ത്രിയുടെ കുറിപ്പ്. കേരളത്തിന് ഫുട്ബോൾ ജ്വരം, നെയ്‌മറുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലിയോണൽ മെസിയുടേയും കൂറ്റൻ കട്ടൗട്ടുകൾ പുഴയിൽ ഉയർന്നപ്പോൾ’ എന്ന തലക്കെട്ടോടെയാണ് പുള്ളാവൂരിലെ ആരാധകരുടെ ആവേശം ഫിഫ ഇന്ന് ട്വീറ്റ് ചെയ്തത്. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ ട്വീറ്റ് കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കിയിരുന്നു. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിലാണ് സമകാലിക ഫുട്ബോളിലെ ഇതിഹാസങ്ങളായ അർജൻറീനൻ, ബ്രസീൽ, പോർച്ചുഗീസ് താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ലോകകപ്പിന് മുന്നോടിയായി ഉയർന്നത്. മൂന്ന് താരങ്ങളുടെയും ആരാധകർ വാശിയോടെ ഇവിടെ കട്ടൗട്ടുകൾ സ്ഥാപിക്കുകയായിരുന്നു.പുള്ളാവൂരിൽ ആദ്യമുയർന്നത് അർജൻറീനയുടെ മിശിഹാ ലിയോണൽ മെസിയുടെ ഭീമൻ കട്ടൗട്ടായിരുന്നു. ഇത് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വലിയ വാർത്തയാക്കി. തൊട്ടരികെ കാനറികളുടെ സുൽത്താൻ നെയ്‌മറുടെ അതിഭീമൻ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീൽ ആരാധകർ മറുപടി കൊടുത്തതോടെ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയെങ്ങും പുള്ളാവൂരിലേക്കെത്തി. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടെ തലപ്പൊക്കം അതിനേക്കാൾ പത്ത് അടി കൂടെ ഉയർന്നിരുന്നു. പിന്നാലെയാണ് സിആർ7 ആരാധകരുടെ വക ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടും പുഴയിൽ ഉയർന്നത്.

Exit mobile version