കോമൺവെൽത്ത് ഗെയിംസിനുള്ള ഓസ്ട്രേലിയൻ ടീമിൽ പോപ്പ് ഗായകൻ

കോമൺവെൽത്ത് ഗെയിംസിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഒരു പോപ്പ് ഗായകനുമുണ്ട്. നീന്തലിൽ മത്സരിക്കുന്ന കോഡി സിംപ്സണാണ് ഈ താരം. കൗമാരപ്രായത്തിൽ നീന്തലിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷം സംഗീത ജീവിതം ആരംഭിച്ച കോഡി റോബർട്ട് സിംപ്സൺ അതിവേഗമാണ് ആരാധക മനസിൽ ഇടം നേടിയത്.

ഇൻസ്റ്റഗ്രാമിൽ 4.4 ദശലക്ഷം ഫോളോവേഴ്സ് ഉള്ള കോഡിക്ക് സ്ട്രീമിംഗ് സേവനമായ സ്പോട്ടിഫൈയിൽ  2.8 ദശലക്ഷം പ്രതിമാസ ശ്രോതാക്കളും ഉണ്ട്. നീണ്ട ഇടവേളക്ക് ശേഷം തന്റെ പ്രിയ ഇനമായ നീന്തലിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്ന സ്വപ്ന സാക്ഷാൽക്കാരത്തിലെത്തിയിരിക്കുകയാണ് കോഡി. അഡ്ലെയ്ഡിൽ നടന്ന നീന്തൽ 100 മീറ്റർ ബട്ടർഫ്ലൈയുടെ ട്രയൽസിൽ മൂന്നാമതെത്തിയാണ് ഈ 25 കാരൻ ബർമിങ്ഹാം ടിക്കറ്റ് ഉറപ്പാക്കിയത്.

ഓസ്ട്രേലിയയുടെ ടോക്കിയോ ഒളിമ്പിക് ട്രയൽസിൽ 100 മീറ്റർ ബട്ടർഫ്ലൈസിൽ മത്സരിച്ചെങ്കിലും കോഡിക്ക് യോഗ്യത നേടാനായിരുന്നില്ല.1987 ലെ പാൻ പസഫിക് ഗെയിംസിൽ കോഡിയുടെ അമ്മ ആൻജിയും 1994 ലെ കോമൺവെൽത്ത് ഗെയിംസിൽ കോഡിയുടെ പിതാവ് ബ്രാഡിയും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Exit mobile version