കൂറ്റൻ തിരമാല, സലാലയിൽ ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർ ഒഴുകിപ്പോയി

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒലിച്ചുപോയി. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്‌സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ദുബായില്‍നിന്നുള്ള ഉത്തരേന്ത്യന്‍ പ്രവാസി കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. വിനോദ സഞ്ചാര കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), ഇയാളുടെ ആറു വയസുകാരനായ മകന്‍ ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകള്‍ ശ്രേയയെ (9) ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തില്‍ കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ ദാരുണമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍പ്പെട്ടവര്‍ കടലിലേക്ക് വീഴുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Exit mobile version