കുര്‍താനെ ഗെയിംസില്‍ അഭിമാനമായി നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണം

സ്റ്റോക്ഹോം: ഒളിമ്പിക്സ് സ്വർണ മെഡൽ നേട്ടത്തിന് ശേഷം മത്സരിച്ച രണ്ടാമത്തെ ടൂർണമെന്റിലും സ്വർണം നേടി നീരജ് ചോപ്ര രാജ്യത്തിന് അഭിമാനമായി. ഫിൻലൻഡിലെ കുർതാനെ ഗെയിംസിലാണ് നീരജ് സ്വർണം നേടിയത്. ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞായിരുന്നു നീരജ് ചോപ്രയുടെ സ്വർണ നേട്ടം. 90 മീറ്റർ ആയിരുന്നു നീരജിന്റെ ലക്ഷ്യം. എന്നാൽ മഴയും പ്രതികൂല കാലാവസ്ഥയും ഇതിന് തടസമായി. ആതിഥേയ താരം ഒളിവർ ഹെലാൻഡർ, സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് എന്നിവരെ പിന്തള്ളിക്കൊണ്ടാണ് നീരജ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ 86.69 മീറ്റർ ദൂരം എറിഞ്ഞെങ്കിലും രണ്ടാമത്തെ ശ്രമം ഫൗളായിരുന്നു. മൂന്നാമത് എറിയാൻ ശ്രമിക്കുന്നതിനിടെ നീരജിന്റെ കാൽ വഴുതുകയും ചെയ്തു. പിന്നീട് അടുത്ത മൂന്ന് ത്രോകളും എറിയാതെയാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. 2012ലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് 86.64 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് 84.75 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി. 

Exit mobile version