ഏദന്‍ ഉള്‍ക്കടലില്‍ മിസൈല്‍ പതിച്ച് രണ്ട് ചരക്ക് കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ട്

മനാമ : ഏദന്‍ ഉള്‍ക്കടലില്‍ മിസൈല്‍ പതിച്ച് രണ്ട് ചരക്ക് കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ട്. രണ്ടു സംഭവങ്ങളിലും ആളപായം ഇല്ല.
ഏദന്‍ തുറമുഖത്തിന് 83 നോട്ടിക്കല്‍ മൈല്‍ അകലെ തെക്കുകിഴക്കായി ആന്റിഗ്വയുടെയും ബാര്‍ബുഡയുടെയും പതാക ഘടിപ്പിച്ച ചരക്ക് കപ്പലില്‍ മിസൈലില്‍ ഇടിച്ച് തീപിടിച്ചതായി ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.

സംഭവം സംബന്ധിച്ച് ക്യാപ്റ്റനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ബ്രിട്ടീഷ് നാവിക സേനക്കു കീഴിലെ സമുദ്ര ഗതാഗത വാണിജ്യ പ്രവര്‍ത്തന വിഭാഗമായ യുകെഎംടിഒ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. കപ്പല്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ ഏദന്‍ ഉള്‍ക്കടലിലൂടെ തെക്ക് പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോള്‍ മുന്‍ഭാഗത്ത് മിസൈല്‍ പതിക്കുകയും തീപടിക്കുകയുമായിരുന്നുവെന്ന് കപ്പല്‍ ക്യാപ്റ്റനെ ഉദ്ധരിച്ച് ആംബ്രെ പറഞ്ഞു. വേഗത വര്‍ധിപ്പിച്ച് കപ്പല്‍ അടുത്ത തുറമുഖത്തേക്കുള്ള ദിശ മാറ്റുകയായിരുന്നു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആംബ്രെ പറഞ്ഞു.

Exit mobile version