ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യകളിക്ക് ഇറങ്ങുംമുമ്പേ ഇന്ത്യക്ക് തിരിച്ചടി. മത്സരത്തലേന്ന് ക്യാപ്‌റ്റൻ ലോകേഷ് രാഹുലും സ്‌പിന്നർ കുൽദീപ് യാദവും പരിക്കേറ്റ് പരമ്പരയിൽനിന്ന് പുറത്തായി. ഋഷഭ് പന്താണ് പുതിയ ക്യാപ്‌റ്റൻ. ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്‌റ്റനാകും. രാഹുലിനും കുൽദീപിനും പകരക്കാരില്ല. അഞ്ചു മത്സരങ്ങളുടെ ട്വന്റി–-20 പരമ്പരയിൽ ആദ്യത്തേത് ഇന്ന് രാത്രി ഏഴിന് ഡൽഹിയിലാണ്. ഒക്‌ടോബറിലെ ട്വന്റി–-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഐപിഎല്ലിനുപിന്നാലെയുള്ള ആദ്യപരമ്പരയിൽ ഭൂരിഭാഗവും യുവതാരങ്ങളാണ്. പേസർമാരായ ഉമ്രാൻ മാലിക്കിനും അർഷ്‌ദീപ് സിങ്ങിനും അരങ്ങേറ്റമാണ്. ട്വന്റി–-20യിൽ തുടർച്ചയായ 13–-ാംജയം നേടി റെക്കോഡിലേക്കുകൂടിയാണ് ഇന്ത്യയുടെ കണ്ണ്.