ജോഹന്നസ്ബർഗ്: ഇന്ത്യൻ ടീം ,ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് നാളെയാണ് തുടക്കം. മൂന്ന് മത്സരമാണ് പരമ്പരയിൽ. ട്വന്റി20 പരമ്പരയിലെ അവസാനകളി ആധികാരികമായി ജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ടീം. ലോകകപ്പിനുശേഷം അടിമുടി മാറിയാണ് ഇന്ത്യ ആദ്യ ഏകദിന പരീക്ഷയ്ക്കെത്തുന്നത്. ക്യാപ്റ്റനും ലോകകപ്പിലെ മികച്ച റൺവേട്ടക്കാരും വിക്കറ്റ് വേട്ടക്കാരനും ടീമിലില്ല. രോഹിത് ശർമയും വിരാട് കോഹ്ലിയും വിശ്രമത്തിലാണ്. ലോകകപ്പിൽ തിളങ്ങിയ പേസർ മുഹമ്മദ് ഷമിയും ടീമിലില്ല. പരിക്കിലുള്ള ഷമി ടെസ്റ്റ് പരമ്പരയിലും കളിക്കാൻ സാധ്യതയില്ല.
കെ എൽ രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ.. ദക്ഷിണാഫ്രിക്കൻ ടീം ശക്തമാണ്. എയ്ദൻ മാർക്രമാണ് ക്യാപ്റ്റൻ. ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, കേശവ് മഹാരാജ്, ടബ്രിയാസ് ഷംസി തുടങ്ങിയ പ്രധാന താരങ്ങളൊക്കെയുണ്ട്.. കുൽദീപ് ഉൾപ്പെടെ ട്വന്റി20 പരമ്പരയിൽ കളിച്ച ചില ഇന്ത്യൻ താരങ്ങൾ ഏകദിന ടീമിലും ഇടംകണ്ടു. രാഹുലും ശ്രേയസ് അയ്യരും മാത്രമാണ് ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന ബാറ്റർമാർ. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള കളിക്കാർക്ക് അവസരം കിട്ടി. ലോകകപ്പ് ടീമിൽ ഇടംകിട്ടാതിരുന്ന സഞ്ജുവിന് ഇക്കുറി കഴിവ് തെളിയിക്കാനുള്ള അവസരമാണ്. ബൗളർമാരിൽ സ്പിന്നർ കുൽദീപ് യാദവാണ് ലോകകപ്പ് ടീമിലുണ്ടായിരുന്ന താരം.
ബൗളർമാരിൽ യുശ്വേന്ദ്ര ചഹാലും തിരിച്ചുവരവ് ലക്ഷ്യമിടുന്നു. ഇന്ത്യൻ സമയം പകൽ 1.30നാണ് കളി. 19, 21 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ. രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്–ക്ക് 26ന് തുടക്കമാകും.ടീം: കെ എൽ രാഹുൽ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, രജത് പടിദാർ, സായ് സുദർശൻ, സഞ്ജു സാംസൺ, റിങ്കു സിങ്, അക്സർ പട്ടേൽ, തിലക് വർമ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, യുശ്വേന്ദ്ര ചഹാൽ, ദീപക് ചഹാർ, കുൽദീപ് യാദവ്, മുകേഷ് കുമാർ.