ജൊഹന്നാസ്‌ബർഗ്: പുതുതായി ആറ് രാജ്യത്തിനുകൂടി അംഗത്വം നൽകി ബ്രിക്‌സ് കൂട്ടായ്‌മ വിപുലീകരിച്ചു. അർജന്റീന, ഈജിപ്‌ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾക്കാണ് അംഗത്വം നൽകിയത്. പുതിയ അംഗങ്ങളെ ചേർക്കുന്നത് ബ്രിക്‌സിനെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പുതുതായി ചേർന്ന അംഗങ്ങളെ അഭിനന്ദിച്ചു. 2024 ജനുവരി ഒന്നുമുതൽ അംഗത്വം നിലവിൽ വരും. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‌ബർഗിൽ നടന്ന 15––ാം ഉച്ചകോടിയിലാണ് ഇക്കാര്യം തീരുമാനമായത്. വിപുലീകരണ മാർഗനിർദേശങ്ങളിൽ നേതാക്കൾ സമവായത്തിലെത്തിയെന്നും ഇത് ബ്രിക്‌സിന്റെ വിപുലീകരണത്തിന്റെ ആദ്യ ഘട്ടം മാത്രമാണെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രമഫോസ പറഞ്ഞു. പുതിയ അംഗങ്ങളിൽ ഇത്യോപ്യ ഒഴികെയുള്ള രാജ്യങ്ങളുമായി ഇന്ത്യക്ക് തന്ത്രപ്രധാനമായ ബന്ധമുണ്ട്. 23 രാജ്യമാണ് ബ്രിക്‌സിൽ അംഗത്വത്തിനായി അപേക്ഷിച്ചിരുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ഭാഗമായ ആദ്യ ഔപചാരിക ഉച്ചകോടി 2009-ൽ റഷ്യയിലെ യെക്കാറ്റെറിൻബർഗിലാണ് നടന്നത്. 2011ൽ ദക്ഷിണാഫ്രിക്കയ്ക്ക് അംഗത്വം നൽകി.