അമേരിക്കയിലെ ലോക വ്യാപാരകേന്ദ്രം (വേൾഡ്‌ ട്രേഡ്‌ സെന്റർ) ആക്രമണത്തിന്‌  22 വർഷം.

വാഷിങ്‌ടൺ: അമേരിക്കയിലെ ലോക വ്യാപാരകേന്ദ്രം (വേൾഡ്‌ ട്രേഡ്‌ സെന്റർ) ആക്രമണത്തിന്‌ തിങ്കളാഴ്‌ച 22 വർഷം. ഭീകരസംഘടനയായ അൽഖായ്‌ദ റാഞ്ചിയ വിമാനങ്ങൾ 2001 സെപ്‌തംബർ 11ന്‌ ഇരട്ട ടവറുകളിൽ ഇടിച്ചുകയറ്റുകയായിരുന്നു. രാവിലെ 8.46ന് ഒരു അമേരിക്കൻ എയർലൈൻസ് വിമാനം കേന്ദ്രത്തിന്റെ നോർത്ത് ടവറിലും 9.03ന് രണ്ടാമത്തെ വിമാനം സൗത്ത് ടവറിലും ഇടിച്ചിറക്കി. 9.37ന്, മൂന്നാമത്തെ വിമാനം വാഷിങ്‌ടൺ ഡിസിക്ക് സമീപം വിർജീനിയയിലെ ആർലിംങ്‌ടണിൽ പെന്റഗണിണിന്‌ സമീപം ഇടിച്ചിറക്കി. നാലാമത്തെ വിമാനമായ, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93ലെ യാത്രക്കാർ റാഞ്ചികളെ കീഴടക്കി  ലക്ഷ്യത്തിലെത്തുന്നതിൽനിന്ന് തടഞ്ഞു. ഏകദേശം 3000 ആളുകളാണ്‌ മരിച്ചത്‌. ആക്രമണത്തിൽ മരിച്ച മുഴുവൻ പേരുടെയും വിവരങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.  കഴിഞ്ഞ ദിവസം ഒരു പുരുഷനെയും സ്‌ത്രീയെയും തിരിച്ചറിഞ്ഞു. ഇതുവരെ തിരിച്ചറിഞ്ഞ 1648––ാമത്തെയും 1649––ാമത്തെയും വ്യക്തികളാണ്‌ ഇവർ. ഒസാമ ബിൻ ലാദനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന്‌ അമേരിക്ക കണ്ടെത്തി. പാകിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിലിരുന്ന ലാദനെ  2011 മേയിൽ രണ്ടിന്‌ അമേരിക്കൻ സൈന്യം വധിച്ചു.



Exit mobile version