അടുത്ത 24 മണിക്കൂറിനുള്ളിൽ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത പേമാരിയ്ക്ക്  സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി

കനത്ത മഴയില്‍ നിന്ന് ഉടനെങ്ങും ഹിമാചല്‍ പ്രദേശിന്‌ ആശ്വാസം ലഭിക്കുന്ന ലക്ഷണമില്ല. അടുത്ത 24 മണിക്കൂറിനുള്ളിൽ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത പേമാരിയ്ക്ക്  സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് . ഹിമാചലിലെ 10 ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ ഈ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് അനുസരിച്ച് ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും ഓഗസ്റ്റ് 22 മുതൽ 24 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ചയും കനത്ത മഴയുണ്ടായിരുന്നു.

ചമ്പ, മാണ്ഡി ജില്ലകളിലെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഓഗസ്റ്റ് 26 വരെ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോരങ്ങളിൽ താമസിക്കുന്നവർ തികഞ്ഞ ജാഗ്രത് പാലിക്കണം എന്നും  ഒരാഴ്ചകൊണ്ട് കനത്ത മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും IMD അറിയിയ്ക്കുന്നു. കനത്ത മഴയുടെ ആഘാതം ശക്തമായ പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ ദുരിതത്തിലാക്കിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ എം. മൊഹപത്ര പറഞ്ഞു.എന്നാൽ, മൺസൂൺ തെക്കോട്ട് നീങ്ങുന്നതിനാൽ മലനിരകളില്‍ മഴ താത്കാലികമായി കുറയുമെന്നും അദ്ദേഹം പ്രവചിച്ചു.

Exit mobile version