സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് കാനം

തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ ഭരണഘടന പ്രകാരം മൂന്നുതവണ സെക്രട്ടറി സ്ഥാനം വഹിക്കാമെന്നും സിപിഐ സംസ്ഥാന സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ കാനം പറഞ്ഞു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോ ഇല്ലയോ എന്ന ആശങ്ക ഇല്ല. മത്സരത്തിന് ആരെങ്കിലും തയാറായാൽ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിന്, വെള്ളം പൊങ്ങാൻ പോകുന്നുവെന്നു കേൾക്കുമ്പോഴേക്കും മുണ്ടു മടക്കിക്കുത്തേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസ്ഥാന പൊലീസ് സേനയിൽ ആർഎസ്എസ് ശാഖ പ്രവർത്തിക്കുന്നുവെന്ന് തുറന്നുപറഞ്ഞ ആനി രാജയെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിനെക്കുറിച്ച് കാനം ഒഴുക്കൻ മട്ടിലാണ് പ്രതികരിച്ചത്. പ്രമുഖരായ എല്ലാവരെയും സംസ്ഥാന സമ്മേളനത്തിലേക്കു വിളിക്കാൻ തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങൾക്ക് അത് ആഗ്രഹമുണ്ടെങ്കിലും കേന്ദ്ര സെക്രട്ടേറിയറ്റ് നിർദേശിച്ചവരെയാണു പങ്കെടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സമ്മേളനങ്ങളിൽ ചിലയിടത്തു മത്സരം നടന്നതു വിഭാഗീയത കൊണ്ടല്ല. ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ ഗ്രൂപ്പ് എന്നു ബ്രാൻഡ് ചെയ്യരുത്. സിപിഐയിൽ സിപിഐ എന്ന ഗ്രൂപ്പ് മാത്രമേയുള്ളൂ. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽനിന്നുയർന്ന പരാതികൾ പുതിയ സംസ്ഥാന കൗൺസിൽ പരിഗണിക്കും. ജില്ലാ സമ്മേളനങ്ങളിൽ സർക്കാരിനെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. ഒരാൾ നടത്തുന്ന പരാമർശം പാർട്ടിയുടെ അഭിപ്രായമായി മാധ്യമങ്ങൾ കൊടുക്കുന്നതു ശരിയല്ലെന്നും കാനം വിശദീകരിച്ചു. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ സംഘടനയ്ക്കാകെ ഉണർവുണ്ടായോ എന്ന ചോദ്യത്തിന്, ഉണർവുണ്ടാക്കാൻ സമ്മേളന പ്രതിനിധികൾക്ക് ഉത്തേജകമരുന്നു കൊടുത്തിട്ടില്ലെന്നും കാനം പറഞ്ഞു.

Exit mobile version