സുകുമാരകുറുപ്പ് മോഡൽ കൊലപാതകം തമിഴ് നാട്ടിലും.

ചെന്നൈ: സുകുമാരകുറുപ്പ് മോഡൽ കൊലപാതകം തമിഴ് നാട്ടിലും. ഇൻഷുറൻസ് തുക തട്ടിയെടുക്കാന്‍ രൂപസാദൃശ്യമുള്ള സുഹൃത്തിനെ വകവരുത്തിയ യുവാവും കൂട്ടാളികളും അറസ്റ്റിൽ. ചെന്നൈ സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ (38) ആണ് അറസ്റ്റിലായത്. തന്‍റെ സുഹൃത്തായ ദില്ലിബാബു (39) എന്നയാളെ കൊന്നശേഷം മൃതദേഹം കത്തിച്ചുകളയാകുകയിരുന്നു. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീർത്തി രാജൻ (23), ഹരികൃഷ്ണൻ (32) എന്നിവരും പോലീസിന്‍റെ പിടിയിലായി. മാസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം നടന്നത്. 

സുരേഷ് ഹരികൃഷ്ണൻ തന്‍റെ പേരില്‍ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ആ പണം  ഉപയോഗിച്ച് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. 

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം. ആദ്യം സുഹൃത്തുക്കളോടൊപ്പം തന്‍റെ സമാന ശാരീരിക സാമ്യവും പ്രായവുമുള്ള ഒരാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. ആ സമയത്താണ് പത്ത് വർഷം മുമ്പ് തന്‍റെ സുഹൃത്തായിരുന്ന ദില്ലിബാബുവിന്‍റെ കാര്യം സുരേഷിന് ഓര്‍മ്മ വന്നത്. ഇയാളെ കണ്ടെത്തിയ സുരേഷ് ദില്ലിബാബുവും അയാളുടെ അമ്മയുമായും പരിചയം പുതുക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് ഇയാള്‍ ഇവരുടെ വീട്ടില്‍ സ്ഥിരം സന്ദർശകനുമായി. സെപ്റ്റംബര്‍ 13ന് മൂവരും ചേർന്ന് ദില്ലിബാബുവിനെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.  സെപ്റ്റംബര്‍ 15 നാണ് മദ്യപിച്ച് അവശനായിരുന്ന ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം അവര്‍ കഴിഞ്ഞിരുന്ന ഷെഡ്ഡിന് തീയിട്ട് കടന്നുകളഞ്ഞത്.   പ്രതികള്‍ ഇപ്പോള്‍  ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

Exit mobile version