സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളുമായി ക്യാമറയുടെ സഹായത്തോടെ രക്ഷാപ്രവർത്തകർ കണ്ട്‌ സംസാരിച്ചു.

ഡറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളുമായി ക്യാമറയുടെ സഹായത്തോടെ രക്ഷാപ്രവർത്തകർ കണ്ട്‌ സംസാരിച്ചു. കഴിഞ്ഞ ദിവസം കടത്തിവിട്ട ആറിഞ്ച് കുഴലിലൂടെ എൻഡോസ്‌കോപ്പിക്‌ ക്യാമറ എത്തിച്ചാണ്‌ ദൃശ്യം പകർത്തിയത്‌. 12നാണ്‌ ബ്രഹ്മഖൽ–-യമുനോത്രി ദേശീയ പാതയിലെ സിൽക്യാര തുരങ്കത്തിൽ അപകടമുണ്ടായത്‌. അപകടം നടന്ന്‌ 10 ദിവസത്തിനുശേഷമാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. ചൊവ്വ പുലർച്ചെ 3.45ഓടെയാണ്‌ തൊഴിലാളികൾ ക്യാമറയ്‌ക്കുമുന്നിലെത്തിയത്‌.  

ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ കുഴലിലൂടെ ഭക്ഷണം സ്വീകരിക്കുന്നതും പരസ്പരം സംസാരിക്കുന്നതും കാണാം. വാക്കി ടോക്കി ഉപയോഗിച്ച്‌ ഇവരുമായി രക്ഷാപ്രവർത്തകർ സംസാരിച്ചു. ലെൻസ്‌ വൃത്തിയാക്കാനും കാമറയ്‌ക്ക്‌ മുന്നിൽ വരാനും അധികൃതർ നിർദേശം നൽകി. പഴങ്ങൾ കുഴലിലൂടെ എത്തിച്ചു. വേവിച്ച ഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ്‌.

തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽനിന്ന്‌ തിരശ്ചീനമായി തുരന്ന്‌ വഴിയൊരുക്കാനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ തുടങ്ങി. കഴിഞ്ഞ ദിവസം തുരങ്കത്തിനു മുകളിൽനിന്ന്‌ ലംബമായി വഴിതുറക്കാനുള്ള നീക്കത്തിലാണെന്ന്‌ അറിയിച്ചിരുന്നു. തിരശ്ചീനമായി തുരക്കാനുള്ള ശ്രമത്തിലാണെന്ന്‌ റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. അതേസമയം, രക്ഷപ്രവർത്തനത്തിന്റെ പുരോഗതിയറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമിയുമായി സംസാരിച്ചു.

Exit mobile version