സാമ്പത്തിക സംവരണം: സുപ്രീം കോടതി വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ : സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങള്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയ പിന്നാക്ക വിഭാഗ സംഘടനകളും തീരുമാനിച്ചു. മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് പിന്നാക്ക വിഭാഗ സംഘടനകളില്‍ നിന്ന് ഉയരുന്നത്.

കേസില്‍ കക്ഷിയായിരുന്ന തമിഴ്നാട്, വിധി പരിശോധിക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ചു. പുനഃപരിശോധനയുടെ സാധ്യത തേടാനാണ് യോഗം. നേരത്തെ സമസ്ത അടക്കമുള്ള മുസ്സിം സംഘടനകളും വിധിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഭേദഗതി സുപ്രീം കോടതി ശരിവെച്ചെങ്കിലും വിധി പ്രസ്താവത്തില്‍ ബെഞ്ചില്‍ നിന്ന് ഉയര്‍ന്ന നീരീക്ഷണങ്ങള്‍ ഭാവിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.

സംവരണത്തിന് സമയപരിധി വേണമെന്നും സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം സമൂഹത്തിന്റെ വിശാല താല്‍പര്യം കണക്കിലെടുത്ത് സംവരണത്തില്‍ പുനഃപരിശോധന ആവശ്യമെന്നും ജസ്റ്റിസ് ബേലാ എം ത്രിലേദി വ്യക്തമാക്കിയിരുന്നു. ഈ നീരീക്ഷണങ്ങള്‍ ഭാവിയില്‍ തിരിച്ചടിയാകുമെന്നാണ് ദളിത് സംഘടനകളും കരുതുന്നത്. കൂടാതെ പത്ത് ശതമാനം സംവരണത്തോടെ സംവരണപരിധി ആറുപത് ശതമാനം കടന്നതിനെയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നു.

പൊതുവിഭാഗത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സംവരണം സാമ്പത്തിക നില കണക്കിലെടുത്ത് മേല്‍ജാതിയില്‍ പെട്ടവര്‍ക്ക് മാത്രം നല്‍കുന്നതിനെ ചോദ്യം ചെയ്യാനാകും ഹര്‍ജിക്കാര്‍ ഇനി ശ്രമിക്കുക. എന്നാല്‍ മണ്ഡലകമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടാക്കിയ രാഷ്ട്രീയ സാഹചര്യം ഈ വിധി വഴി മറിക്കടക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സമുദായിക അടിസ്ഥാനത്തിലല്ലാതെ എല്ലാവര്‍ക്കും ക്ഷേമപദ്ധതികള്‍ എന്ന നയമാകും കേന്ദ്രസര്‍ക്കാര്‍ ഇനി നടപ്പാക്കാനൊരുങ്ങുക

Exit mobile version