സംസ്ഥാന സർക്കാരിന്റെ 603 ദിവസത്തെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക്‌ ഇന്ന്‌ തുടക്കമാകും.

കോട്ടയം:സംസ്ഥാന സർക്കാരിന്റെ 603 ദിവസത്തെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക്‌ ശനിയാഴ്‌ച തുടക്കമാകും. വൈക്കം ബീച്ചിൽ  മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും  ചേർന്ന്‌ ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഇരുമുഖ്യമന്ത്രിമാരും പകൽ 3.30ന്‌ സമരപോരാളികൾക്ക്‌ പുഷ്പാർച്ചന നടത്തും. സംഘാടകസമിതി ചെയർമാൻ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സ്വാഗതം പറയും. 

വിവര- പൊതുജന സമ്പർക്ക വകുപ്പ് പുറത്തിറക്കുന്ന ‘വൈക്കം പോരാട്ടം’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‌ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും. ശതാബ്ദി ലോഗോ സി കെ ആശ എംഎൽഎയ്‌ക്ക്‌ നൽകി എം കെ സ്റ്റാലിനും വൈക്കം സത്യഗ്രഹം കൈപ്പുസ്തകം തോമസ് ചാഴികാടൻ എംപിക്ക്‌ നൽകി പിണറായി വിജയനും പ്രകാശിപ്പിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അവതരിപ്പിക്കും.

Exit mobile version