സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കൊല്ലം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട, ഇടുക്കി,എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണം.

Exit mobile version