വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥന് ഇഡി നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ തുടർച്ചയായി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.

കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസില്‍ നിർദേശം നല്‍കിയിരിക്കുന്നത്. കേസിൽ ആദായനികുതി വകുപ്പ് ഉൾപ്പെടെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തിരുന്നു. സേവനത്തിനായി 1.75 കോടി എക്‌സാലോജിക്കിനും വീണ വിജയനും നൽകിയെന്നായിരുന്നു മൊഴി. എന്ത് സേവനമെന്ന് വിശദീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഏത് സേവനത്തിന് നൽകിയ പണമാണിതെന്നതിലേക്കാണ് ഇഡി അന്വേഷണം നടക്കുന്നത്.

Exit mobile version