വില്ലേജ് ഓഫീസറുടെ ആത്മഹത്യ, ജോലി സമ്മർദ്ദം താങ്ങാനാവാതെ ; എൻ.ജി.ഒ അസോസിയേഷൻ

ഓഫീസ് സ്റ്റാഫുകളുടെ കുറവും അമിത ജോലിഭാരം മൂലമുള്ള സമ്മർദ്ദവും താങ്ങാനാവാതെയാണ് മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസ് അത്മഹത്യ ചെയ്തതെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു. വില്ലേജ് ഓഫീസർക്കൊപ്പം ഒരു അസിസ്റ്റന്റ് മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. അമിത ജോലിഭാരമുള്ള വില്ലേജ് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്. വില്ലേജിലെ ദൈനം ദിന ജോലികൾക്കൊപ്പം ഭൂമി തരം മാറ്റൽ, പ്രകൃതിക്ഷോഭം, മണ്ണ് – മണൽ- ക്വാറി വിഷയങ്ങൾ എന്നിങ്ങനെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയാതെ വന്നതിന്റെ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സമയബന്ധിതമായ ജോലി നിർവ്വഹണം ആവശ്യപ്പെടുന്ന സർക്കാർ അതിനാവശ്യമായ ജീവനക്കാരെ നിയമിച്ചേ മതിയാവൂ. വില്ലേജ് ഓഫീസർമാരടക്കമുള്ള വില്ലേജ് ജീവനക്കാർ വർഷങ്ങളായി കടുത്ത മാനസിക സംഘർഷം നേരിടുകയാണ്. ജോലിത്തിരക്കുള്ള വില്ലേജുകളിൽ ഒരു വില്ലേജ് അസിസ്റ്റന്റിന്റെ തസ്തിക കൂടുതലായി അനുവദിക്കണമെന്ന ശിപാർശ നാളിതുവരെ നടപ്പാക്കിയിട്ടില്ല. ഫ്രണ്ട് ഓഫീസ് സ്ഥാപിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല. വലിപ്പം, ജനസംഖ്യ എന്നിവയുടെഅടിസ്ഥാനത്തിൽ വില്ലേജുകൾ വിഭജിക്കണം.റവന്യൂ വകുപ്പ് മന്ത്രി അടിയന്തിരമായി വിഷയത്തിൽ ഇടപെടണം.അദ്ദേഹം പറഞ്ഞു

Exit mobile version