വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും ഇന്ന് വെളുപ്പിന് സംസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും ഇന്ന് വെളുപ്പിന് സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3:15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തിയത്.  മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മടക്കം എന്നത് ശ്രദ്ധേയം. ഈ മാസം 21 ന് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് .

മുഖ്യമന്ത്രി ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത്.  സ്വകാര്യ സന്ദര്‍ശനമായിരുന്നു ഇതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും പിണറായിക്കൊപ്പം വിദേശ യാത്രയില്‍ ഉണ്ടായിരുന്നു. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ടെങ്കിലും ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

Exit mobile version