വിദേശയാത്ര അറിയിച്ചില്ല: രാഷ്‌ട്രപതിക്കു ​ഗവർണറുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തിൽ ആരോപിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവർണർ, സർക്കാരുമായുള്ള വിവിധ വിഷയങ്ങളിലെ തർക്കത്തിൽ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് ഈ കത്ത്.
മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്.

സംസ്ഥാന സർക്കാരും ഗവര്‍ണറുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കെ സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യമടക്കം സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്.

ഗവർണർക്ക് എതിരായ സമരം സിപിഎം കൂടുതൽ ശക്തമാക്കും. പൊതുമേഖല സ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പാര്‍ട്ടിയെ അറിയിക്കാത്ത വിഷയവും ചര്‍ച്ചയ്ക്ക് വരും. പെന്‍ഷന്‍ പ്രായം അറുപത് ആക്കി ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി അറിയാതെ ഇങ്ങനെ ഒരുത്തരവ് എങ്ങനെ വന്നുവെന്ന കാര്യവും നേതൃയോഗങ്ങളില്‍ ചര്‍ച്ചയ്ക്ക് വരും.

Exit mobile version