വയനാട്ടിൽ കൂട്ടിൽ വീണ കടുവക്കുട്ടിയെ തുറന്നുവിട്ടു

മീനങ്ങാടി (വയനാട്): വയനാട്ടിലെ മീനങ്ങാടി മൈലമ്പാടിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ കടുവക്കുഞ്ഞിനെ തുറന്നുവിട്ടു. നാല് മാസം മാസം പ്രായമുള്ള കടുവക്കുഞ്ഞിനെ പിടിച്ചുവെച്ചാൽ തള്ളക്കടുവ ആക്രമണകാരിയാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് മുത്തങ്ങയിൽ നിന്നുമെത്തിച്ച കുങ്കിയാനകളുടെ സഹായത്തോടെ കടുവ കുട്ടിയെ തുറന്ന് വിട്ടത്. കടുവ സാന്നിധ്യം സ്ഥിരീകരിച്ച മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി മണ്ഡകവയൽ പ്രദേശത്തെ മിച്ചഭൂമിയിലെ തേക്കിൻ തോട്ടത്തിനുള്ളിൽ സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച പുലർച്ചയോടെ കടുവാകുഞ്ഞുങ്ങളിലൊന്ന് അകപ്പെട്ടത്.
രണ്ടാഴ്ച്ച മുമ്പ് സമീപപ്രദേശമായ വാകേരിയിൽ നിന്ന് കാട്ടിലേക്ക് ഓടിച്ചുവിട്ട കടുവക്കൂട്ടത്തിലെ കുട്ടി കടുവയാണ് ഇപ്പോൾ കൂട്ടിലായത്. കഴിഞ്ഞ ഒന്നരമാസമായി പ്രദേശത്ത് കടുവ സാന്നിധ്യമുണ്ട്. നാല് മാസം പ്രായമുള്ള കുഞ്ഞിനെ പിടിച്ചുവെക്കുന്നത് അപകടകരമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്ന് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ തുടങ്ങിയ ജനപ്രതിനിധികൾ, പോലീസ് എന്നിവർ ചേർന്ന് നടത്തിയ ചർച്ചകൾക്കൊടുവിൽ നാട്ടുകാരുടെ നിർദ്ദേശവും മാനിച്ച് കടുവക്കുഞ്ഞിനെ കാട്ടിലേക്കു തന്നെ തുറന്നുവിടാൻ തീരുമാനിക്കുകയായിരുന്നു. തള്ളക്കടുവയും മറ്റൊരു കുഞ്ഞും പുറത്തുള്ളതിനാൽ കുങ്കിയാനയുടെയും ജെ സി ബി യുടെയും സഹായത്തോടെയാണ് സാഹസികമായി കടുവക്കുട്ടിയെ തുറന്ന് വിട്ടത്. പ്രദേശത്തെ സ്ഥിരം സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന അക്രമകാരിയായ ഒറ്റകടുവയെ മറ്റൊരു കൂട് കൂടി സ്ഥാപിച്ച് പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

Exit mobile version