റെയിൽവേ ട്രാക്കിന് സമീപം ഓണപ്പൂക്കളത്തിനായി പൂ പറിക്കാൻ പോയ സഹോദരിമാരെ ട്രെയിൻ ഇടിച്ചു

കണ്ണൂർ: റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഓണപ്പൂക്കളത്തിനായി പൂ പറിക്കാൻ പോയ സഹോദരിമാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. പുന്നച്ചേരി സെന്റ് മേരീസ് എൽപി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്. അടുത്തിലയിൽ താമസിക്കുന്ന പുന്നച്ചേരിയിലെ കൂലോത്ത് വളപ്പിൽ പ്രഭാവതി(60)യാണ് മരിച്ചത്. സഹോദരി പ്രവിദ(42)യെ കൈകാലുകൾക്കു ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്കുള്ള സമ്ബർക്കക്രാന്തി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അപകട സ്ഥലത്തു വച്ചു തന്നെ ഒരാൾ മരിച്ചിരുന്നു. ട്രാക്കിനരികിലെ കുറ്റിക്കാട് കാരണം ട്രെയിൻ കടന്നുവരുമ്പോൾ മാറി നിൽക്കാൻ പോലും സ്ഥലമില്ലാത്ത ഇടമാണ്. പ്രഭാവതിയുടെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ. വിദേശത്തുള്ള മക്കൾ എത്തിച്ചേരേണ്ടതിനാൽ സംസ്‌കാരം പിന്നീട് നടക്കും.

Exit mobile version