രാജ്യത്ത് ഊർജ അടിയന്തരാവസ്ഥ ; അസാധാരണ ഉത്തരവുമായി കേന്ദ്രം.

കൊച്ചി:രാജ്യം വൻ വൈദ്യുതിപ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തിൽ വൈദ്യുതിവിതരണം മുടങ്ങാതിരിക്കാൻ അസാധാരണ ഉത്തരവുമായി കേന്ദ്രസർക്കാർ. ഇറക്കുമതി കൽക്കരി ഉപയോഗിച്ച്‌ ഉൽപ്പാദനം നടത്തുന്ന മുഴുവൻ നിലയങ്ങളും പൂർണതോതിൽ പ്രവർത്തിക്കണമെന്ന്‌ കേന്ദ്ര ഊർജമന്ത്രാലയം ഉത്തരവിറക്കി. ആവശ്യമായ വൈദ്യുതിലഭ്യത ഇല്ലാത്തതിനാൽ ദേശീയ വൈദ്യുതിശൃംഖല സുരക്ഷിതമായി പരിപാലിക്കാൻ കഴിയാത്ത ഗുരുതരസാഹചര്യം ഉണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന സെക്‌ഷൻ 11 പ്രകാരമാണ്‌ ഉത്തരവ്‌. ‘ഊർജമേഖലയിലെ അടിയന്തരാവസ്ഥ’യെന്ന്‌ വിശേഷിപ്പിക്കുന്ന നടപടിയാണിത്‌.

ഏപ്രിലിൽ രാജ്യത്തെ വൈദ്യുതി ആവശ്യം 2.29 ലക്ഷം മെഗാവാട്ടിലെത്തിയേക്കും. ഈ ആവശ്യം നിറവേറ്റാൻ താപ വൈദ്യുതിനിലയങ്ങളിൽനിന്ന്‌ 1.93 ലക്ഷം മെഗാവാട്ട്‌ വൈദ്യുതി വേണം.  ഇതിന്‌ രാജ്യത്തെ വൈദ്യുതിയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം നികത്തണം. ഇറക്കുമതി കൽക്കരി നിലയങ്ങളിൽനിന്നുള്ള വൈദ്യുതിവിൽപ്പന ഉൾപ്പെടെയുള്ള ഇടപാടുകൾ നിയന്ത്രിക്കുന്നത്‌ കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും.പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി, ആഭ്യന്തര കൽക്കരി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന നിലയങ്ങൾ കൂടിയ അളവിൽ ഇറക്കുമതി കൽക്കരി കലർത്തി ഉൽപ്പാദനം നടത്താൻ നിർദേശിച്ചിരുന്നു.  നിലയങ്ങൾ പൂർണതോതിൽ പ്രവർത്തിച്ചില്ലെങ്കിൽ വരുംമാസങ്ങളിൽ രാജ്യം ഇരുട്ടിലാകും. ഉത്തരവ്‌ നടപ്പാകുന്നതോടെ വൈദ്യുതിവിലയും ഉയരും. കൽക്കരി ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയും ഊർജമേഖലയിലെ ആസൂത്രണ പിഴവുകളുമാണ്‌ ഇത്തരമൊരു അവസ്ഥയിലേക്ക്‌ നയിച്ചത്‌. 2002ലും സമാനസാഹചര്യമുണ്ടായി.

Exit mobile version