യുഎഇ സന്ദർശനത്തിനിടെ ബാഗ് മറന്നു വച്ചില്ലെന്ന് മുഖ്യമന്ത്രി, മറന്നെന്ന് ശിവശങ്കറും, സ്വപ്നയും

തിരുവനന്തപുരം : യുഎഇ സന്ദർശനത്തിനിടെ ബാഗ് മറന്നു വച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി തള്ളി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗ് പിന്നീട് എത്തിച്ചു. ബാഗ് എത്തിച്ചത് കോൺസൽ ജനറലിന്റെ സഹായത്തോടെയെന്നും ശിവശങ്കർ നൽകിയ മൊഴിയിൽ പറയുന്നു. 2020 ജൂലൈ അഞ്ചിന് സ്വർണക്കള്ളക്കടത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ മുന്നോട്ട് വരുന്നത്. ഇതിൽ ശിവശങ്കർ നൽകിയ മൊഴിയാണ് പുറത്തു വന്നത്. യുഎഇ സന്ദർശന വേളയിൽ ചില ബാഗേജുകൾ അവിടെ വച്ച് മറന്നു പോയി. അത് കോൺസുലേറ്റിന്റെ സഹായത്തോടെ മടക്കിയെത്തിച്ചുവെന്ന മൊഴിയാണ് കസ്റ്റംസിന് നൽകിയിരിക്കുന്നത്. മൂന്നു ബാഗേജുകൾ മറുന്നുവച്ചുവെന്നായിരുന്നു മൊഴി. മുഖ്യമന്ത്രിയെ കൂടി പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഈ മൊഴി.

ദുബായ് യാത്രയിൽ മുഖ്യമന്ത്രി ലഗേജ് എടുക്കാൻ മറന്നു എന്ന സ്വപ്ന സുരേഷിൻ്റെ ആരോപണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തളളിയിരുന്നു. ‌ലഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു. അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, റോജി എം ജോൺ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. 2016 മുതൽ എത്ര തവണ ദുബായ് സന്ദർശിച്ചു എന്ന ചോദ്യത്തിന് അഞ്ച് തവണ സന്ദർശിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്ദർശനങ്ങളെല്ലാം ഔദ്യോഗികമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലഗേജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും താൻ ബാഗേജ് എടുക്കാൻ മറന്നിട്ടില്ല എന്നാണ് മറുപടി നൽകിയത്. സ്വപ്നയുടെ പുതിയ ആരോപണങ്ങൾക്കും മറുപടി ആവശ്യമില്ലന്നും സ്വപ്ന ക്ലിഫ് ഹൗസിൽ വന്നപ്പോഴെല്ലാം കോൺസുൽ ജനറലും ഒപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുബൈ യാത്രയിൽ ബാഗേജ് മറന്നെന്നും ശിവശങ്കർ ഇടപെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യുഎഇയിൽ എത്തിച്ചെന്നും ഇതിൽ കറൻസിയായിരുന്നു എന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ പുതിയ മൊഴി സ്വപ്നയുടെ ആരോപണങ്ങൾ ശരി വെക്കുന്നതിലേക്ക് നയിക്കുമ്പോൾ വെട്ടിലായത് മുഖ്യമന്ത്രിയാണ്.

Exit mobile version