മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കില്ല.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് റേഷൻ കടകൾ പ്രവർത്തിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള എ എ വൈ(മഞ്ഞ), പി എച്ച് എച്ച് (പിങ്ക്) റേഷൻ കാര്‍ഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് ഇന്ന് 2024 മാര്‍ച്ച് 15, 16, 17 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. e-KYC അപ്ഡേറ്റുമായി ബന്ധപ്പെട്ട് കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. e-KYC അപ്ഡേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ e-KYC മസ്റ്ററിംഗ് നടത്താന്‍ സാധിക്കുകയുള്ളു. അതു കൊണ്ടാണ് റേഷന്‍ വിതരണം നിര്‍ത്തി വച്ചുകൊണ്ട് മസ്റ്ററിംഗ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല.

രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് റേഷന്‍കടകള്‍ക്ക് സമീപമുള്ള അംഗന്‍വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടതാണ്. സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നും. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. 

Exit mobile version