മുല്ലപ്പെരിയാര്‍; കേന്ദ്രസംഘം അടിയന്തിരമായി സന്ദര്‍ശിക്കണം :ജോസ് കെ മാണി

ന്യൂഡല്‍ഹി:  കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടുന്ന  സാഹചര്യത്തില്‍ 127 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍  അണക്കെട്ടിന്റെ നിലവിലുള്ള സാഹചര്യം മനസിലാക്കാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി വിദഗ്ദര്‍ അടങ്ങുന്ന കേന്ദ്ര സംഘം അടിയന്തിരമായി കേരളം സന്ദര്‍ശിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എം.പി രാജ്യസഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.കേരളത്തിന്റെ ആശങ്ക പരിഹരിക്കാനുള്ള ധാര്‍മ്മിക ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഏപ്രില്‍ 10 വരെയുള്ള റൂള്‍ കര്‍വ് (സംഭരണനില)137.5 അടിയാണ്. ആ അളവിലേക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് എത്തിയ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് കുറച്ചു കൊണ്ടുവരാന്‍ തമിഴ്‌നാട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാടുമായി ഒരു തര്‍ക്കത്തിലേക്കല്ല പോകേണ്ടത്. തമിഴ്‌നാടിന് വെള്ളം ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു ആശങ്കക്കും അടിസ്ഥാനമില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തമിഴ്‌നാട് തയ്യാറാവണം.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയ സമാനമായസാഹചര്യത്തില്‍ കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അടിയന്തിരമായി അയച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി പ്രത്യേകസാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു. പ്രളയത്തില്‍ ഇതുവരെ 22 പേരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു. വലിയ നാശനഷ്ടമാണ് ഇത്തവണ കേരളത്തിനുണ്ടായിരിക്കുന്നത്.  2018 ല്‍ മഹാപ്രളയം ഉണ്ടായപ്പോഴും കേരളത്തിന് ആവശ്യമായ കേന്ദ്രസഹായം ലഭിച്ചിട്ടില്ല. മുല്ലപ്പെരിയാര്‍ വിഷയം ജോസ് കെ.മാണി രാജ്യസഭയില്‍ എടുത്തപ്പോള്‍ തന്നെ  തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിമാര്‍ എതിര്‍ത്തു. എതിര്‍പ്പല്ല പരിഹാരമാണെന്ന് ഇതിന് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

Exit mobile version