മി​ഗ്ജാമ് ചുഴലിക്കാറ്റ് : ആന്ധ്രപ്രദേശിന്റെ തെക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുന്നു.

അമരാവതി: മി​ഗ്ജാമ് ചുഴലിക്കാറ്റ് തീരം തൊട്ടതിനെത്തുടര്‍ന്ന് ആന്ധ്രപ്രദേശിന്റെ തെക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുന്നു. മണിക്കൂറിൽ 90–- 100 കിലോമീറ്റര്‍ വേ​ഗത്തില്‍ ചൊവ്വ പകൽ 12.30നും 2.30നും ഇടയിൽ ബാപട്-ലയിലാണ്‌ ചുഴലി തീരംതൊട്ടത്. ബപട്-ല ന​ഗരത്തിലും സമീപപ്രദേശങ്ങളിലും മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി. ജില്ലയില്‍ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെട്ടു. സംസ്ഥാനത്ത് മൂന്ന് മരണം. എലുരു ജില്ലയില്‍ കെട്ടിടം തകര്‍ന്ന് രണ്ടുപേരും കടപ്പയില്‍ മരം വീണ് ഒരു കോണ്‍സ്റ്റബിളുമാണ് മരിച്ചത്. വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞേക്കുമെങ്കിലും കനത്ത മഴ തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി വൈ എസ് ജ​ഗന്‍മോഹന്‍ റെഡ്ഡി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് മുഖ്യമന്ത്രി 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

തമിഴ്നാട്ടില്‍ മഴയുടെ ശക്തി കുറ‍ഞ്ഞു. ഒമ്പത് ജില്ലകളിലായി 61,600 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 29 എന്‍ഡിആര്‍എഫ് സംഘങ്ങളെ തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും പുതുച്ചേരിയിലുമായി വിന്യസിച്ചു. മൈസൂരു–- ചെന്നൈ പാതയില്‍ എട്ട്‌ ട്രെയിനുകള്‍ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചു വിടുകയും ചെയ്തു.  

Exit mobile version