മഴ ദുരന്തം: കോഴിക്കോട്ട് തെങ്ങ് വീണ് ബൈക്ക് യാത്രികൻ മരിച്ചു, കൊച്ചിയിൽ സ്കൂൾ ബസിനു മുകളിൽ വൈദ്യുതി പോസ്റ്റ് വീണു

മഴ ദുരന്തം: കോഴിക്കോട്ട് തെങ്ങ് വീണ് ബൈക്ക് യാത്രികൻ മരിച്ചു, കൊച്ചിയിൽ സ്കൂൾ ബസിനു മുകളിൽ വൈദ്യുതി പോസ്റ്റ് വീണു

കൊച്ചി: മഴ ദുരിതങ്ങൾ രൂക്ഷം. കോഴിക്കോട്ട് റോഡ് വക്കിലുണ്ടായിരുന്ന തെങ്ങ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടു. ഏലപ്പാറയിൽ വനിതാ തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു മരിച്ചു. കൊച്ചിയിൽ സ്കൂൾ ബസിനു മുകളിൽ വൈദ്യുതി പോസ്റ്റ് വീണു. തത്സമയം വൈദ്യുതി ഇല്ലാതിരുന്നതിനാൽ എട്ടു കുട്ടികളും രണ്ട് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ ചാവക്കാട്ട് ഇരുപതോളം വീടുകളിൽ കടൽ കയറി. നിരവധി ആളുകൾ ഇവിടെ വീട് വിട്ടു പോയി.
കോഴിക്കോട് മെഡിക്കൽ കോളെജ് റോഡിലാണ് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണത്. ഇവിടെ ഇന്നലെ ശക്തമായ മഴയും കാറ്റുമായിരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അശ്വിൻ തോമസ് ആണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പരുക്കേറ്റ അശ്വിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെയോടെ മരിച്ചു.
ഏലപ്പാറയിൽ തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിനു മുകളിലേക്കാണു മണ്ണിടിഞ്ഞു വീണത്. ഇന്നു പുലർച്ചെ അടുക്കളയിൽ പാകം ചെയ്തുകൊണ്ടിരിക്കെയാണ് പുഷ്പ എന്ന വീട്ടമ്മ മരിച്ചത്.
കൊച്ചി മരടിൽ സ്കൂൾ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണാണ് അപകടമുണ്ടായത്. വൈദ്യുത പോസ്റ്റിലേക്കു കണക്റ്റ് ചെയ്തിരുന്ന കേബിളിൽ ബസിന്റെ ടോപ്പ് കുടുങ്ങുകയായിരുന്നു. ഇതറിയാതെ മുന്നോട്ട് നീങ്ങിയ ബസിന്റെ ശക്തിയിൽ പോസ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം ഈ ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഏലൂർ എസ്ഡികെവൈ ​ഗുരുകുലം ബസിന്റെ മുകളിലേക്കാണ് പോസ്റ്റ് വീണത്. ബസിൽ എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല.

Exit mobile version